കൊട്ടാരക്കര : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ രണ്ടാം ഘട്ട ലോക്ഡൗണിന്റെ ആദ്യ ദിനം കൊല്ലം റൂറൽ ജില്ലയിൽ സമ്പൂർണ്ണ വിജയമായിരുന്നു. കൊല്ലം റൂറൽ ജില്ലയിലെ മുഴുവൻ പോലീസും ലോക്ഡൗൺ ദിനത്തിൽ റോഡിലിറങ്ങിയ കാഴ്ചയായിരുന്നു എല്ലായിടവും. കൊല്ലം റൂറൽ ജില്ലയിൽ 66 പിക്കറ്റ് പോസ്റ്റുകൾ പുതുതായി ആരംഭിച്ചു. 12 പിക്കറ്റ് പോസ്റ്റുകൾ 24 മണിക്കൂർ ആയി ക്രമീകരിച്ചു. 54 പിക്കറ്റ് പോസ്റ്റുകൾ 12 മണിക്കൂർ പിക്കറ്റുകളായി നിർണ്ണയിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് കൊല്ലം റൂറൽ ജില്ലയിൽ ഏർപ്പെടുത്തിയത്. ജില്ലയിൽ 41 മൊബൈൽ പെട്രോളിംഗ് വാഹനങ്ങളും 15 ബൈക്ക് പെട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ എല്ലാ മേഖലകളിലും പഴുതടച്ച പരിശോധനാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി കെ.ബി.രവി ഐ.പി.എസ് നേരിട്ട് കൊട്ടാരക്കര ചന്തമുക്ക്, പുലമൺ ജംക്ഷൻ, പുത്തൂർ മുക്ക്, കുളക്കട, ഏനാത്ത് എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൊല്ലം റൂറൽ അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.ബിജുമോന്റെ നേതൃത്വത്തിൽ ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല, കടക്കൽ, ചല്ലിമുക്ക് എന്നീ പ്രദേശങ്ങളിൽ പരിശോധന നടത്തി. കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ എല്ലാ സബ് ഡിവിഷനുകളിലും പരിശോധന ശക്തമാക്കി.
പരിശോധനക്കായി ജില്ലയിൽ അധികം ഫോഴ്സ്
ലോക്ഡൗൺ ഡ്യൂട്ടികൾക്കായി കൊല്ലം റൂറൽ ജില്ലയിൽ ആംഡ് പോലീസ് ബറ്റാലിയനിൽ നിന്നുള്ള 76 സേനാംഗങ്ങളേയും സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നുള്ള 24 പേരേയും അധികമായി റൂറൽ ജില്ലയിൽ നിയോഗിച്ചു. ജില്ലയിൽ മൊത്തത്തിൽ 627 പോലീസ് സേനാംഗങ്ങളെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്
കോവിഡ് സേഫ്റ്റി ആപ്പിന്റെ സഹായത്തോടെയുള്ള മോണിറ്ററിംഗ്
ക്വാറന്റൈനിലിരിക്കുന്നവരുടെ വിവരങ്ങൾ കേരള പോലീസ് വികസിപ്പിച്ചെടുത്ത കോവിഡ് സേഫ്റ്റി ആപ്പിലൂടെ മോണിറ്റർ ചെയ്യും. കൊല്ലം റൂറൽ കോവിഡ് കൺട്രോൾ റൂമിന്റെയും ജില്ലാ സൈബർ സെല്ലിന്റെയും മേൽനോട്ടത്തിലാണ് ഈ പ്രവർത്തി നടക്കുക. ക്വാറന്റൈൻ ചെക്കിംഗ്, ക്വാറന്റൈൻ വ്യതിയാനം എന്നിവ കോവിഡ് സേഫ്റ്റി ആപ്പിന്റെ സഹായത്തോടെ ജില്ലാ കേന്ദ്രത്തിൽ മോണിറ്റർ ചെയ്യും.
കോവിഡ് നിയന്ത്രണം കൊല്ലം റൂറൽ
കൊട്ടാരക്കര : കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊല്ലം റൂറൽ മേഘലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി നടപ്പിലാക്കി.ഇന്നലെ മാത്രം സാമൂഹിക അകലം പാലിക്കാത്ത കേസുകളിൽ 12774 പേർക്ക് താക്കീത് നൽകി 770 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചു. 08.05.2021 വൈകിട്ട് 4 മണിവരെ 56 വാഹനങ്ങൾ പിടിച്ചെടുത്തു. വരും ദിനങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.രവി.ഐ.പി.എസ് അറിയിച്ചു.
