കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതികളിൽ ഒരാളായ എഴുകോൺ വില്ലേജിൽ പോച്ചക്കോണം മുറിയിൽ തെങ്ങഴികത്ത് വീട്ടിൽ ചന്ദ്രബാബു മകൻ 21 വയസുള്ള പൊറിഞ്ചു എന്ന് വിളിക്കുന്ന ആദർശ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ 2021 ജനുവരി മാസം പൂയപ്പള്ളി സ്റ്റേഷൻ അതിർത്തിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് 2020 ഒക്ടോബർ മാസത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പോലീസിന് ലഭിക്കുന്നത്. പൂയപ്പള്ളി പോലീസ് കഴിഞ്ഞ ഫെബ്രുവരി മാസം കേസ്സ് എഴുകോൺ പോലീസിന് കൈമാറുകയും കൂടുതൽ അന്വേഷണത്തിനായി കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. ഇന്ന് രാവിലെ പ്രതിയെ എഴുകോൺ പ്രദേശങ്ങളിൽ കണ്ടതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ. ബി രവി അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് DySP ആർ. അശോക് കുമാറിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസഫ് എസ്.ഐ മാരായ ശിവശങ്കരപ്പിള്ള, അജയകുമാർ, രാധാകൃഷ്ണപിള്ള ക്രൈംബ്രാഞ്ച് എസ്.സി.പി.ഒ ബിനു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജ്ജിതമാക്കിയതായി ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി രവി അറിയിച്ചു.
