ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസും. കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര് ഗംഗാറാം ആശുപത്രിയിലെ(എസ്ജിആര്‍എച്ച്) ഡോക്ടര്‍മാരാണ് പുതിയ ആശങ്ക പങ്കുവെക്കുന്നത്. കോവിഡ് 19 ന് പിന്നാലെയുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് അണുബാധമൂലം കഴിഞ്ഞ വര്‍ഷം നിരവധി രോഗികള്‍ക്ക് കാഴ്ച്ച ശക്തി നഷ്ടമായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ബാധിച്ച് ആറ് രോഗികള്‍ അഡ്മിറ്റായതായി എസ്ജിആര്‍എച്ചിലെ സീനിയര്‍ ഇഎന്‍ടി സര്‍ജനായ ഡോ. മനീഷ് മുഞ്ജാല്‍ പറയുന്നു. കോവിഡ് 19 ബാധിച്ചരില്‍ ഗുരുതരമായ ബ്ലാക്ക് ഫംഗസ് രോഗം വ്യാപിക്കുന്നതായി അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷവും ഈ അണുബാധ മൂലം കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്കും മരണത്തിനും കാരണമായിരുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
മ്യൂകോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്
സൈഗോമൈക്കോസിസ് എന്നറിയപ്പെട്ട മ്യൂകോര്‍മിക്കോസിസ് ഗുരുതരമായ ഫംഗസ് അണുബാധയാണ്. മ്യൂകോര്‍മിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. അണുബാധ സാധാരണയായി മൂക്കില്‍ നിന്ന് ആരംഭിച്ച് കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്ന് കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും രോഗബാധ കുറയ്ക്കും. എന്നാല്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുമ്ബോള്‍ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും. വായുവിലൂടെ ഇത് ശ്വാസകോശത്തെയും സൈനസുകളെയും ബാധിക്കും. തുറന്ന മുറിവുകളിലൂടെയും ഫംഗസിന് ശരീരത്തില്‍ പ്രവേശിക്കാം.
സാധാരണഗതിയില്‍ അത്ര അപകടകാരിയല്ലാത്ത ഫംഗസ് ബാധ, പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് കൊലയാളിയായി മാറുന്നത്. ശ്വാസകോശത്തിലോ സൈനസിലോ അണുബാധയുണ്ടാക്കുകയും അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. മസ്തിഷ്കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. . പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്ബോള്‍ മ്യൂകോര്‍മൈക്കോസിസിന് സാധ്യത കൂടുതലാണെന്നതാണ് രോഗം ഗുരുതരമാക്കുന്നത്.
ലക്ഷണങ്ങള്‍
മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളില്‍ ബ്ലാക്ക് ക്രസ്റ്റ്(ഫംഗസ് ബാധ)എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.
മ്യൂക്കോമൈക്കോസിസ് പകര്‍ച്ചവ്യാധിയല്ലെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതിനാല്‍ രോഗിയില്‍ നിന്ന് മറ്റൊരാള്‍ക്കോ മൃഗങ്ങളില്‍ നിന്നോ രോഗബാധയുണ്ടാകില്ല. രോഗം നേരത്തേ കണ്ടെത്തല്‍, രോഗനിര്‍ണയം, ഉചിതമായ ആന്റിഫംഗല്‍ ചികിത്സ എന്നിവ വളരെ പ്രധാനമാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഗാറാം ആശുപത്രിയില്‍ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ഇതുവരെ 44 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്‍പത് മരണവും ഫംഗസ് ബാധ കാരണമാണെന്ന് കണ്ടെത്തിയിരുന്നു.
അണുബാധയുണ്ടായവരില് മരണ നിരക്ക് അമ്ബത് ശതമാനമാണെങ്കിലും രോഗം നേരത്തേ കണ്ടെത്തിയാല്‍ അപകടനിരക്ക് കുറയ്ക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.