മൃതദേഹം കൈപ്പറ്റാ൯ ബന്ധുക്കൾ വരാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് ആറ് ദിവസത്തോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു
കോവിഡ് ബാധിച്ച് മരണപ്പെട്ട 70 വയസ്സുകാരിയായ ഹിന്ദു മത വിശ്വാസിയായ സ്ത്രീയുടെ മൃതദേഹം ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കൾ കൈപ്പറ്റാതിരുന്നത് കാരണം അന്ത്യ കർമ്മങ്ങൾ ചെയ്ത് മുസ്ലിം യുവാവ് മാതൃകയായി. സ്ത്രീയുടെ തന്നെ മതാചാരങ്ങൾ അനുസരിച്ചാണ് ഇദ്ദേഹം സംസ്കാര ചടങ്ങുകൾ നടത്തിയത്.
ഉത്തർ പ്രദേശിലെ ഷാജഹാ൯പൂരിലാണ് സംഭവം അരങ്ങേറിയത്. ദേശീയ വാർത്താ ഏജ൯സിയായ പി ടി ഐയിൽ വന്ന റിപ്പോർട്ട് പ്രകാരം നഗരത്തിലെ ഓരു താൽക്കാലിക അഭയ കേന്ദ്രത്തിൽ കഴിഞ്ഞു വരികയായിരുന്ന സ്ത്രീയെ അസുഖം ഗുരുതരമായതിനെ തുടർന്ന് ഷാജഹാ൯പൂർ മെഡിക്കൽ കോളേജിലെ എമർജെ൯സി വാർഡിലേക്ക് മാറ്റിയിരുന്നു.
ഒരു ഷെൽറ്റർ ഹോമിൽ താമസിച്ചു വരികയായിരുന്ന സുനിതാ ദേവി എന്ന സ്ത്രീയെയാണ് പനിയും ശ്വാസ തടസ്സവും കാരണം ഏപ്രിൽ അഞ്ചിന് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതെന്ന് കോളേജിലെ പബ്ലിക്ക് റിലേഷ൯സ് ഉദ്യോഗസ്ഥയായ പൂജ ത്രിപാഠി വാർത്താ വിതരണ ഏജ൯സിയോട് പറഞ്ഞു. മൃതദേഹം കൈപ്പറ്റാ൯ ബന്ധുക്കൾ വരാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ ബന്ധപ്പെടുകയായിരുന്നുവെന്ന് ത്രിപാഠി പറയുന്നു. പിന്നീട് ആറ് ദിവസത്തോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു.
ചൊവ്വാഴ്ച്ചയാണ് മെറാജുദ്ദീ൯ ഖാ൯ എന്ന യുവാവ് സ്ത്രീയുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിക്കാം എന്നു പറഞ്ഞ് മുന്നോട്ട് വന്നത്. ബീരു എന്ന ആംബ്ലു൯സ് ഡ്രൈവറുടെ സഹായത്തോടെയാണ് അദ്ദേഹം ദേവിയുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്.ഒരു പ്രാദേശിക പത്രപ്രവർത്തക൯ കൂടിയായ ഖാ൯ കോവിഡ് ബാധിച്ച് മരണപ്പെട്ട മറ്റൊരു സ്ത്രീയെ സംസ്കരിക്കാനും സഹായിച്ചിരുന്നു. മരണപ്പെട്ട സ്ത്രീയുടെ മകൾക്ക് അന്ത്യകർമ്മങ്ങൾക്കാവശ്യമായ പണം നൽകിയാണ് അദ്ദേഹം കൈത്താങ്ങായത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ 25,858 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് യു പിയിൽ റിപ്പോർട്ട് ചെയ്തത്. 352 പേർ മരണപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 12,500 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 13,798 പേർ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ 13,68,183 പേർക്കാണ് അസുഖം ബാധിച്ചത്. നിലവിൽ 2,72,568 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.
സംസ്ഥാനത്ത് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഭാഗികമായ കർഫ്യൂ മെയ് 10 വരെ നീട്ടാ൯ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 29 നാണ് യു പി സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ തിങ്കളാഴ്ച്ചത്തേകും സർക്കാർ വ്യാപിപ്പിച്ചത്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 4,12,262 പേർക്കാണ്. 3,980 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.