ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്. ഇതിന്റെ ഫലമായി അടുത്ത മാസം രാജ്യത്തെ കോവിഡ് മരണ സംഖ്യ 4 ലക്ഷം കവിയുമെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ 11ഓടെ 4,04,000 കോവിഡ് മരണങ്ങള് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തേക്കാം.
അതേസമയം, ജൂലൈയില്‍ ഇന്ത്യയില്‍ ആകെ കോവിഡ് മരണം 10 ലക്ഷം കവിയുമെന്നാണ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയുടെ പഠനത്തില്‍ പറയുന്നത്. ജൂലൈ അവസാനത്തോടെ രാജ്യത്ത് 10.18 ലക്ഷം ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കുമെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ വരാനിരിക്കുന്ന മാസങ്ങളില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമാകാന്‍ സാധ്യയുണ്ടെന്നാണ് രണ്ട് പഠനങ്ങളും നല്കുന്ന സൂചന.
അതേസമയം, ഇന്ന് രാജ്യത്തെ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായി 4 ലക്ഷം കടന്നു. പുതുതായി 4,12,262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 2,30,168 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
