കഴിഞ്ഞ 24 മണിക്കൂറിൽ 3,00,732 പേർ കോവിഡ് മുക്തരായി.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയത് 3,68,147 പുതിയ കോവിഡ് രോഗികൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവാണുള്ളത്. ഇന്നലെ 3,417 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഇന്ത്യയിൽ ഇതുവരെ 2,18,959 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 3,00,732 പേർ കോവിഡ് മുക്തരായി. രാജ്യത്തെ ആക്ടീവ് രോഗികളുടെ എണ്ണം 34,13,642 ആണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,99,25,604 ആയി. ഇതുവരെ വാക്സിൻ സ്വീകരിച്ചത് 15,71,98,207 പേരാണ്.
മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിൽ ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം ചുവടെ,
മഹാരാഷ്ട്ര- 56,647
കർണാടക- 37,733
കേരളം- 31,959
ഉത്തർപ്രദേശ്-30,857
ആന്ധ്രപ്രദേശ്- 23,920
ഇന്നലെ റിപ്പോർട്ട് ചെയ്ത 3.68 ലക്ഷം രോഗികളിൽ 49.2 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്നും മാത്രം 15.39 ശതമാനം കോവിഡ് രോഗികളാണുള്ളത്. ഇന്നലെ ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചതും മഹാരാഷ്ട്രയിലാണ്. 669 പേർ മഹാരാഷ്ട്രയിൽ മരിച്ചു. ഡൽഹിയാണ് രണ്ടാമതുള്ളത്. ഡൽഹിയിൽ ഇന്നലെ മരിച്ചത് 407 പേരാണ്.
അതേസമയം, ഡൽഹിയിൽ മൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. പതിനെട്ട് വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിനേഷനാണ് ആരംഭിച്ചിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് വാക്സിൻ നൽകുന്നത്. രജിസ്റ്റർ ചെയ്യാതെ വാക്സിനേഷൻ സെന്ററിൽ എത്തുന്നവർക്ക് വാക്സിൻ നൽകില്ല.
ഡൽഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ അപ്പോളോ, ഫോർട്ടിസ്, മാക്സ് എന്നിവിടങ്ങളിൽ ശനിയാഴ്ച്ച മുതൽ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ കേരളത്തിൽ കോവിഡ് ബാധിച്ചത് 31,959 പേർക്കാണ്. 49 പേർ കൂടി മരിച്ചു. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസർകോട് 566 എന്നിങ്ങനെയാണു ജില്ലകളിലെ കോവിഡ് ബാധിതരുടെ എണ്ണം.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 266 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 29,700 പേർക്ക് സമ്പർക്കത്തിലൂടെയാണു ബാധ. 1912 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധിച്ചു. 16,296 പേർ കോവിഡ് മുക്തരായി. 7,24,611 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.