ശിഖർ ധവാൻ കാഴ്ചവെച്ച ബാറ്റിങ് പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്
പഞ്ചാബിനെതിരായ മത്സരത്തിൽ 14 ബോൾ ബാക്കി നിൽക്കെ ഏഴ് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനത്തെത്തി. പുറത്താകാതെ നിന്ന ശിഖർ ധവാൻ കാഴ്ചവെച്ച ബാറ്റിങ് പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. 47 പന്തിൽ നിന്നും ആറ് ബൗണ്ടറികളും, രണ്ട് സിക്സറുകളും സഹിതം 69 റൺസാണ് നേടിയത്. പഞ്ചാബ് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ ഡൽഹി മറികടന്നു.
മറുപടി ബാറ്റിങ്ങിൽ ഡൽഹി ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് ടീമിന് നൽകിയത്. പവർപ്ലേയിൽ തകർത്തടിച്ച ഇരുവരും പുറത്താകാതെ 63 റൺസാണ് അടിച്ച് കൂട്ടിയത്. എന്നാൽ തൊട്ടടുത്ത പന്തിൽ ഹർപ്രീത് ബ്രാർ പൃഥ്വി ഷായുടെ കുറ്റി തെറിപ്പിച്ചു. 22 പന്തിൽ മൂന്ന് വീതം സിക്സറുകളും ബൗണ്ടറിയുമടക്കം 39 റൺസ് നേടിയാണ് ഷാ മടങ്ങിയത്.
പകരമെത്തിയ സ്റ്റീവ് സ്മിത്ത്, ധവാനൊപ്പം ചേർന്ന് സിംഗിളുകളും ഡബിളുകളും നേടിക്കൊണ്ട് സ്കോർ ഉയർത്തി. നല്ല രീതിയിൽ സ്കോർ മുന്നോട്ട് പോകുന്നതിനിടയിൽ മെറിഡെത്ത് 24 റൺസെടുത്ത സ്മിത്തിനെ മലാന്റെ കൈകളിൽ എത്തിച്ചു. നായകൻ പന്തിന് അധികനേരം ക്രീസിൽ തുടരാൻ കഴിഞ്ഞില്ല. 14 റൺസ് നേടുമ്പോഴുക്കും താരം മടങ്ങി. പിന്നീടെത്തിയ ഹെട്മേയർ തകർപ്പൻ അടികളിലൂടെ ഡൽഹിയെ വിജയത്തിലെത്തിച്ചു.
നേരത്തെ കെ.എൽ. രാഹുലിന്റെ അഭാവത്തിൽ നായകസ്ഥാനം ഏറ്റെടുത്ത മായങ്ക് അഗർവാൾ ഉത്തരവാദിത്ത്വത്തോടെയാണ് ബാറ്റ് വീശിയത്. അത് തന്നെയാണ് പഞ്ചാബിനെ 166 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിച്ചതും. 58 പന്തിൽ എട്ട് ബൗണ്ടറികളും, നാല് സിക്സറുകളും സഹിതം 99 റൺസാണ് മായങ്ക് നേടിയത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 166 റൺസ് നേടിയത്. വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാന് ഇന്നത്തെ മത്സരത്തിലും തിളങ്ങാൻ കഴിഞ്ഞില്ല. നാലാം ഓവറിൽ കാഗിസോ രബാഡ 12 റൺസെടുത്ത പ്രഭ്സിമ്രാനെ സ്മിത്തിന്റെ കൈകളിൽ എത്തിച്ചു.
18 റൺസ് കൂടി സ്കോർബോർഡിൽ ചേർക്കുന്നതിനിടയിൽ ഗെയ്ലിനെയും രബാഡ മടക്കി. ശേഷം ക്രീസിലൊരുമിച്ച ഇംഗ്ലീഷ് താരം ഡേവിഡ് മലാനും മായങ്കും ചേർന്ന് സ്ഥിരതയോടെ ബാറ്റ് വീശിയെങ്കിലും അക്സർ പട്ടേൽ എറിഞ്ഞ 14ആം ഓവറിൽ പഞ്ചാബ് പ്രതിസന്ധിയിലായി. അക്സർ ആദ്യ പന്തിൽ തന്നെ മലാന്റെ ലെഗ് സ്റ്റമ്പ് തെറിപ്പിച്ചു. പിന്നീടെത്തിയ ദീപക് ഹൂഡ അതേ ഓവറിൽ ഒരു അനാവശ്യ റണ്ണിന് ശ്രമിക്കവേ പുറത്തായി. അവസാന ഓവറുകളിൽ മായങ്ക് തകർത്തുവാരി. ഡൽഹിക്ക് വേണ്ടി കാഗിസോ രബാഡ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.