പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളമാണ് രണ്ടാമതുള്ളത്
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.
ഇന്ത്യയിൽ കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ഇന്നലെയാണ്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് കേന്ദ്രമന്ത്രിമാരുടെ യോഗം നടക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
കേരളത്തില്‍ ഇന്നലെ 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ മെയ് ഒന്നു മുതല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുന്‍സിപ്പല്‍, കോര്പറേഷന് വാര്‍ഡുകളും കണ്ടയ്മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതായി ബസുടമകള്‍ പറയുന്നു.
സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് സൗജന്യമായി നല്‍കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് വാക്സിന് എല്ലാവര്ക്കും സൗജന്യമായി ലഭിക്കും. മെയ് ഒന്നു മുതലാണ് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുന്നത്. ബുധനാഴ്ച മുതല്‍ വാക്സിനേഷന് രജസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.
സംസ്ഥാനത്ത് സ്വകാര്യ ലാബകളിലെ കോവിഡ് ആര്‍ടിപിആര്‍ പരിശോധന നിരക്ക് കുറച്ചു. 1700 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചതായി ആരോഗ്യമന്ത്ര കെ കെ ശൈലജ അറിയിച്ചു. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചത്. നേരത്തെ 1500 രൂപയായി കുറച്ചിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 1700 രൂപയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.