നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171റണ്‍സാണ് രാജസ്ഥാന് നേടിയിരിക്കുന്നത്. 42 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടീമിലെ ടോപ് സ്കോറര്‍.
മുംബൈക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് ഭേദപ്പെട്ട സ്കോര്‍. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171റണ്‍സാണ് രാജസ്ഥാന് നേടിയിരിക്കുന്നത്. ബാറ്റ്സ്മാന്മാരെല്ലാം തങ്ങളുടെ ദൗത്യം നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്. 42 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടീമിലെ ടോപ് സ്കോറര്‍. മുംബൈക്ക് വേണ്ടി രാഹുല്‍ ചഹര്‍ രണ്ടു വിക്കറ്റുകളും, ബുമ്രയും ബോള്‍ട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജെയ്സ്വാളും ബട്ട്ലറും ചേര്‍ന്ന് നല്‍കിയത്. സ്കോര്‍ 66ല്‍ എത്തിയപ്പോള്‍ രാഹുല്‍ ചഹര്‍ 34 റണ്‍സെടുത്ത ബട്ട്ലറെ മടക്കി. മുമ്പ് ബട്ട്ലറുടെ ഒരു ക്യാച് രാഹുല്‍ നഷ്ടപ്പെടുത്തിയിരുന്നു. പകരമെത്തിയ നായകന് സഞ്ജു ജെയ്സ്വാളിനൊപ്പം തകര്‍പ്പന്‍ അടികളിലൂടെ സ്കോര്‍ ഉയര്‍ത്തിയെങ്കിലും പത്താം ഓവറില്‍ രാഹുല്‍ ചഹര്‍ ആ കൂട്ടുകെട്ടും തകര്‍ത്തു. 20 പന്തില്‍ നിന്നും 32 റണ്‍സെടുത്ത യുവതാരം ജെയ്സ്വാളിന്റെ വിക്കറ്റാണ് നഷ്ടമായത്.
പിന്നീട് ക്രീസിലൊരുമിച്ച ശിവം ഡൂബേയും സാംസണും സ്കോറിങ്ങിന്റെ വേഗത കുറച്ചു. പതിനെട്ടാം ഓവറില്‍ 42 റണ്‍സെടുത്ത് സഞ്ജുവും കൂടാരം കയറി. സ്കോര്‍ 148ല്‍ നില്ക്കുമ്പോള് ട്രെന്റ് ബോള്‍ട്ട് സഞ്ജുവിനെ തകര്‍പ്പന്‍ യോര്‍ക്കറിലൂടെയാണ് വീഴ്ത്തിയത്. 19ആം ഓവറില്‍ ബുമ്ര ഡൂബെയെയും വീഴ്ത്തി.
കഴിഞ്ഞ രണ്ട് കളിയിലും മുംബൈ തോറ്റിരുന്നു. പഞ്ചാബിനെതിരെ നേരിട്ട 9 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി മറികടന്ന് വിജയ വഴിയിലേക്ക് മടങ്ങി വരാനാകും നിലവിലെ ചാമ്പ്യന്മാര് ശ്രമിക്കുക. ഹാര്‍ദിക്,ക്രുനാല്‍, പൊള്ളാര്‍ഡ് എന്നിവര്‍ താളം കണ്ടെത്താത്തതാണ് മുംബൈയെ വലക്കുന്നത്. ബുമ്ര ഇന്നത്തെ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഒരു വിക്കറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളുവെങ്കിലും നാലോവറില്‍ വെറും 15 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ 133 റണ്‍സില്‍ എറിഞ്ഞൊതുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന് ടീം മുംബൈക്കെതിരെ ഇറങ്ങാന്‍ പോകുന്നത്. അവസാന മത്സരത്തില്‍ ഐ പി എല്ലിലെ വില കൂടിയ താരം ക്രിസ് മോറിസ് നാല് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. 25 മത്സരങ്ങളില്‍ ഇതുവരെ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12 വീതം മത്സരങ്ങളില്‍ ഇരുവരും വിജയികളായിട്ടുണ്ട്. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു.