ജോസ് കെ മാണിയുടെ വരവാണ് എൽഡിഎഫ് വിജയത്തെ ഉറപ്പിച്ച ഘടകമെന്നും എ വിജയരാഘവൻ
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കൺവീനർ എ വിജയരാഘവൻ. എൽഡിഎഫിന് 100 സീറ്റെങ്കിലും ലഭിക്കും. സംസ്ഥാനത്ത് എൽഡിഎഫ് തരംഗമുണ്ടാകും. ജോസ് കെ മാണിയുടെ വരവാണ് എൽഡിഎഫ് വിജയത്തെ ഉറപ്പിച്ച ഘടകമെന്നും എ വിജയരാഘവൻ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിം ലോക് താന്ത്രിക് ജനതാദളും വന്നത് ഇടതുമുന്നണിയുടെ കരുത്ത് വർധിപ്പിച്ചു. കോണ്ഗ്രസും മുസ്ലിംലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് ചുരുങ്ങും. ബിജെപിയുടെ സ്വാധീനം കുറയുമെന്നും വിജയരാഘവൻ പറഞ്ഞു. രാഷ്ട്രീയ ഘടകങ്ങളും ഭരണമികവും മുഖ്യമന്ത്രിയുടെ സ്വീകാര്യതയും വിജയത്തിന് കാരണമാകുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
‘തുടർ ഭരണം ഉണ്ടാകുമോ അതു തന്നെയാണോ സർക്കാർ പ്രതീക്ഷിക്കുന്നത്?’ കോവിഡ് കണക്കും പ്രതിസന്ധിയും മുന്നൊരുക്കവും വിശദീകരിച്ച് അതുസംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടി നൽകിയ ശേഷമായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകൻറെ ഈ ചോദ്യം.
അസാധാരണമായ ഒരു ആഹ്ളാദച്ചിരിയോടെ തുടങ്ങിയ മറുപടി. ‘അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ…. അത് നമുക്ക് മൂന്നാം തീയതി നല്ല നിലയ്ക്ക് തന്നെ കാണാം’ – എന്ന് മറുപടി. മൂന്നാം തിയതി തമ്മിൽ കാണാമെന്നും മാധ്യമപ്രവർത്തകരോടായി പറഞ്ഞുനിർത്തിയതും ഒരു ചെറുചിരിയോടെയായിരുന്നു.
ജനവിധിയിൽ പൂർണ വിശ്വാസമുണ്ടെന്നും ജനങ്ങൾ യുഡിഎഫിന് നല്ല വിജയം നൽകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ ജനങ്ങൾക്ക് വേണ്ടി എല്ലാവരും സഹകരിക്കണം. ഒരു മനസ്സോടെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ, വിജയം യുഡിഎഫിന് ഒപ്പം ആകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.