പ്ലസ് ടു വിദ്യാർത്ഥി തന്റെ ഐഫോണിന്റെ പാസ് വേർഡ് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം
ഫോണിന്റെ പാസ് വേർഡ് നൽകാത്തതിന്റെ പേരിൽ പന്ത്രണ്ടാം ക്ലാസുകാരനെ സുഹൃത്ത് കൊലപ്പെടുത്തി. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ പിതാംപുരയിലാണ് സംഭവം നടന്നത്. ഇരുപത് വയസ്സുള്ള കോളേജ് വിദ്യാർത്ഥിയാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.
ഡൽഹിയിലെ മഹാരാജ അഗ്രാസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാർത്ഥിയാണ് മയങ്ക്. ഇയാളെ ഉത്തർപ്രദേശിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്.
കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് മകനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഏപ്രിൽ 21 ന് രാവിലെ വീട്ടിൽ നിന്നും പോയ മകൻ പിന്നീട് തിരിച്ചു വന്നിട്ടില്ലെന്നായിരുന്നു പിതാവിന്റെ പരാതി. ഞായറാഴ്ച്ച പിതാംബുരയിലുള്ള പാർക്കിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
മൃതദേഹത്തിന് സമീപം വലിയൊരു ടെഡി ബീറും ഉണ്ടായിരുന്നു. സ്ഥലത്ത് നിന്ന് മയക്കുമരുന്നും ലഭിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സ്ഥലത്തെ നൂറോളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊല്ലപ്പെട്ട വിദ്യാർത്ഥിയും മയങ്കും പാർക്കിനുള്ളിലേക്ക് പോകുന്നത് പൊലീസ് കണ്ടെത്തിയത്. ഏപ്രിൽ 23 മുതൽ മയങ്ക് സിംഗ് വീട്ടിൽ എത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ സുഹൃത്തിനെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചു.
വിവാഹദിവസം വരനെ കാണാതായതിനെത്തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. വരൻ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയിലായി. പൂച്ചാക്കൽ ചിറയിൽ ജെസിമിനെ( 28) യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയിൽനിന്ന് രൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി.
കാണാതായതിന് പിന്നാലെ തന്നെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ മരിക്കുകയും ചെയ്തു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണത്തിൽ ജെസിം കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചതായി പൊലീസ് കണ്ടെത്തി. പിടിക്കാതിരിക്കാൻ നാലു തവണ ഫോണും സിംകാർഡും മാറ്റുകയും ചെയ്തു.
വിവാഹത്തിന് താത്പര്യമില്ലാത്തത് കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പൊലീസിനെ കബളിപ്പിക്കാനാണെന്നും ഇയാൾ മൊഴി നൽകി. തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് പ്രതി ബൈക്കുകൾ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.