വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.
കൊച്ചി: തുടർച്ചയായ രണ്ട് ദിവസത്തെ വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണ വില പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു ഇന്നലത്തെ വില. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഈ മാസം ഇതുവരെ പവന് 2760 രൂപയാണ് സ്വർണത്തിന് കൂടിയത്.
ബുധനാഴ്ചയും സംസ്ഥാനത്ത് സ്വർണവില കൂടിയിരുന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് അന്ന് വർധിച്ചത്. ഗ്രാമിന് 4485 രൂപയും പവന് 35,880 രൂപയുമായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.
ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ വില കുറഞ്ഞ ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു.
അതേസമയം, രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കുറഞ്ഞു. സ്പോട് ഗോൾഡ് വില വ്യാഴാഴ്ച ഔൺസിന് 8.99 ഡോളർ കുറഞ്ഞ് 1784.84 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണവില 1790 ഡോളർ കടന്നിരുന്നു. സ്വർണ വില വൈകാതെ 1800 ഡോളറിലേക്ക് എത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് ആശങ്ക ഉയർന്നു നിൽക്കുന്നതും നിലവിലെ വിപണി സാഹചര്യങ്ങളും മഞ്ഞലോഹത്തിന് അനുകൂലമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില കുറഞ്ഞ് 48,200 രൂപയായി. കഴിഞ്ഞ ദിവസം ഇത് 50,810 രൂപയായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതാണ് ഈ മാസം സ്വർണവില വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയില്‍ ഉത്സവകാലമായതിനാൽ സ്വര്‍ണത്തിന്റെ ആവശ്യകത ഉയർന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊറോണ വൈറസ് ആശങ്ക ഒഴിയുന്നതുവരെ സ്വര്‍ണ വില മുകളിലേക്ക് പോകുമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് കവർന്നെടുത്ത കഴിഞ്ഞ വർഷത്തെ കാര്യം ഇവർ ചൂണ്ടിക്കാട്ടുന്നു. 28 ശതമാനം കുതിപ്പാണ് 2020ൽ സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണത്തിന് 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡ് തൊട്ടിരുന്നു. രാജ്യാന്തര സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വര്‍ണത്തില്‍ വിശ്വാസം അർപ്പിക്കുകയായിരുന്നു.