ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 10,000 പേരിൽ നാലുപേർക്കും ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകളുമെടുത്ത 10,000 പേരിൽ മൂന്നുപേർക്കും മാത്രമാണ് വാക്സിനേഷന് ശേഷം വീണ്ടും കോവിഡ് പോസിറ്റീവായത്.
വാക്സിൻ എടുത്തവർക്ക് വീണ്ടും കോവിഡ് പോസിറ്റീവാകുന്നതിനുള്ള സാധ്യത വളരെ കുറവെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 10,000 പേരിൽ നാലുപേർക്കും ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകളുമെടുത്ത 10,000 പേരിൽ മൂന്നുപേർക്കും മാത്രമാണ് വാക്സിനേഷന് ശേഷം വീണ്ടും കോവിഡ് പോസിറ്റീവായത്.
രണ്ട് ഡോസ് കോവാക്സിൻ ലഭിച്ച 17,37,178 പേരിൽ 695 പേർക്കും (0.04%) രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച 1,57,32,754 പേരിൽ 5,014 (0.03%) സ്വീകർത്താക്കൾക്കും മാത്രമാണ് വീണ്ടും കോവിഡ് പോസിറ്റീവായത്. സർക്കാർ പുറത്തുവിട്ട കണക്കുകളാണിത്. ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉയർന്നിരിക്കുന്ന സമയത്താണ് ഇത്തരത്തിൽ ഒരു വിവരം സർക്കാർ പുറത്തു വിട്ടിരിക്കുന്നത്.
വാക്സിനേഷൻ നടത്തിയ ആളുകൾക്കിടയിൽ രോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം വാക്സിനേഷനാണെന്ന് വിദഗ്ധരും ശാസ്ത്രജ്ഞരും അടിവരയിടുന്നു. ബുധനാഴ്ച സർക്കാർ വൃത്തങ്ങൾ പുറത്തുവിട്ട ഈ ഡാറ്റ കൂടുതൽ സംശയങ്ങളെ അകറ്റാനും കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നൽകാനും സഹായിക്കും.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഭാരത് ബയോടെക് എന്നിവ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം മറ്റൊരു ഇടക്കാല കണ്ടെത്തൽ പുറത്തുവിട്ടിരുന്നു. ഇത് കോവാക്സിൻ കഠിനമായ കോവിഡിനെതിരെ 100 ശതമാനം ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. അതായത് വാക്സിൻ സ്വീകരിക്കുന്നവർക്ക് ഗുരുതരമായ തരത്തിൽ രോഗം പിടിപെടില്ല. ഗുരുതരമായ രോഗം, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന ഘട്ടം, മരണം എന്നിവ തടയുന്നതിന് കോവിഷീൽഡ് വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ അസ്ട്രസെനെക്കയും വ്യക്തമാക്കിയിരുന്നു.
നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള രണ്ട് വാക്സിനുകളും കഠിനമായ രോഗത്തിനെതിരെ പൂർണ്ണ പരിരക്ഷ നൽകുന്നതായാണ് റിപ്പോർട്ടുകൾ. വൈറസിന്റെ നിലവിലെ രണ്ടാം തരംഗത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുന്നത് വഴി ഇന്ത്യയിലെ ആശുപത്രികളും ആരോഗ്യസംരക്ഷണ മേഖലകളും നേരിടുന്ന ഭാരം വേഗത്തിൽ കുറയ്ക്കാനാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
മൊത്തം 1.1 കോടി ആളുകൾക്ക് കോവാക്സിൻ ലഭിച്ചതായി ബുധനാഴ്ചത്തെ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 93, 56, 436 ഗുണഭോക്താക്കൾക്ക് ആദ്യ ഡോസ് മാത്രമാണ് ലഭിച്ചത്. 4,208 (0.04%) പേർ വാക്സിനേഷന് ശേഷം കോവിഡ് പോസിറ്റീവ് ആയി. കോവിഷീൽഡിന്റെ കാര്യത്തിൽ, മൊത്തം 11.6 കോടി ആളുകൾക്ക് വാക്സിൻ ലഭിച്ചു. 10,03,02,745 പേർക്ക് ആദ്യ ഡോസ് ലഭിച്ചു, അതിൽ 17,145 (0.02%) പേർക്ക് വാക്സിനേഷന് ശേഷം കോവിഡ് പോസിറ്റീവ് ആയി.
ഒരു വാക്സിനും രോഗത്തിനെതിരെ 100 ശതമാനം വിജയശതമാനം ഉണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഗുരുതരമായ രോഗം തടയാൻ വാക്സിനുകൾക്ക് കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.