കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
മലപ്പുറം: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ജില്ലാ ഭരണകൂടം. മത,ആരാധനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ഒരുമിച്ച് കൂടരുത് എന്ന് ജില്ലാ കളക്ടർ ഉത്തരവ് നൽകി.
പ്രാർത്ഥനകൾ എല്ലാം സ്വന്തം വീടുകളിൽ തന്നെ നിർവഹിക്കണം എന്നും ബന്ധുവീടുകളിലെ ഒത്തുചേരലുകൾ പോലും ഒഴിവാക്കുന്നതാണ് ഉചിതം എന്നും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ജില്ലയിലെ രോഗവ്യാപനം ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോൾ.
വ്യാഴാഴ്ച 2776 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ജില്ലയിലെ ഏറ്റവും ഉയർന്ന കണക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 21.89 ശതമാനവും. ദിവസം തോറും രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആണ് ജില്ലാ ഭരണകൂടം കർശന നടപടികൾ എടുക്കുന്നത്.
ആരാധനാലയങ്ങളിൽ കൂടുതൽ ആളുകൾ എത്തിച്ചേരുന്നത് നിയന്ത്രിക്കുക എന്നത് ഈ ഘട്ടത്തിൽ അനിവാര്യമാണ് എന്ന വിലയിരുത്തൽ ആണ് ഈ തീരുമാനത്തിന് പിന്നിൽ. 2005 ലെ ദുരന്ത നിവാരണ നിയമം 26 (2) , 30(2), (5), 34 വകുപ്പുകൾ പ്രകാരം ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ജില്ലയിലെ എല്ലാ മത ആരാധനാലയങ്ങളിലും ചടങ്ങുകളിൽ 5 ൽ കൂടുതൽ പേര് പങ്കെടുക്കുന്നത് നിരോധിക്കുന്നു എന്നാണ് കളക്ടറുടെ ഉത്തരവ്.