ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തിരുവനന്തപുരം: വെമ്പായം പിരപ്പന്‍കോടിന് സമീപം രാവിലെ കെ എസ് ആര് ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര് ടി സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. ബസില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ 21 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള യാത്രക്കാരെ കന്യാകുളങ്ങര ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോറി വരുന്നത് കണ്ട് ബസ് ഡ്രൈവർ റോഡിന്റെ ഇടതുവശത്തേക്ക് പരമാവധി ബസ് ഒതുക്കി.
അപകടം ഒഴിവാക്കാൻ ബസ് ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും ഇടതുവശം വിട്ട് വലത്തേക്ക് കയറി ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയത് ആകാം അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഈരാറ്റുപേട്ട ബസ് ഡിപ്പോയിലെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവർ ഉറങ്ങിയതാകാം ബസ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് കയറി ബസിലേക്ക് ഇടിച്ചുകയറിയതെന്നാണ് പ്രാഥമിക നിഗമനം