ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തകറ വൈഗയുടേതാണെന്ന് ഉറപ്പിക്കാനുള്ള ശാസ്ത്രീയ പരിശോധന ഫലം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കൊച്ചി: വൈഗ കൊലക്കേസിൽ പ്രതിയായ പിതാവ് സനു മോഹൻ സഞ്ചരിച്ച വഴിയേ തെളിവെടുക്കാൻ പൊലീസ് സംഘം. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പത്ത് ദിവസം കൊണ്ട് ഈ കേസുമായി ബന്ധപ്പെട്ട മുഴുവൻ ദുരൂഹതകളും നീക്കണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം ഇറങ്ങിത്തിരിക്കുന്നത്.
കേരളത്തിലെ തെളിവെടുപ്പുകൾ ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. സനു മോഹൻ യാത്ര ചെയ്ത അതേ വഴികളിലൂടെ തന്നെയാണ് പൊലീസ് സംഘവും. ഈ വഴികളിൽ ഇയാൾ താമസിച്ച സ്ഥലങ്ങൾ, കയറിയ കടകൾ എന്നിവിടങ്ങളിൽ അന്വേഷണസംഘം പ്രത്യേക പരിശോധനയും തെളിവെടുപ്പും നടത്തും. യാത്രകളിൽ ഇയാൾ ആരോടെങ്കിലും പ്രത്യേകമായി സഹായം അഭ്യർത്ഥിച്ചിട്ടുണ്ടോ എന്നും ഇതിനായി ആരെയെങ്കിലും ഇടയ്ക്ക് കണ്ടിട്ടുണ്ടോ എന്നും പൊലീസ് സംഘം പ്രത്യേകിച്ച് പരിശോധിക്കുന്നുണ്ട്.
തെളിവെടുപ്പിനായി ഇന്ന് പൊലീസ് യാത്ര തിരിക്കും. ആദ്യം കോയമ്പത്തൂരിലാണ് എത്തുക. കോയമ്പത്തൂരിൽ വെച്ച് വിറ്റ സനു മോഹന്റെ വാഹനം പ്രതിയുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം പരിശോധിക്കും. സനു മോഹൻ വിറ്റ കാർ ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാർ പൊളിച്ചു വിൽക്കുന്ന സംഘത്തിനാണ് വെളുത്ത ഫോക്സ് വാഗൺ കാർ ഇയാൾ വിറ്റത്. ലക്ഷങ്ങൾ വില വരുന്ന കാർ രണ്ടുലക്ഷം രൂപയ്ക്കാണ് ആദ്യം വിൽക്കാൻ ശ്രമിച്ചത്. പിന്നീട് 50,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇതിലൂടെ ലഭിച്ച പണം ഗോവയിൽ വച്ച് പോക്കറ്റടിച്ചു പോയെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
കോയമ്പത്തൂരിലെ തെളിവെടുപ്പ് പൂർത്തിയാക്കി ഗോവയിലും മൂകാംബികയിലും സനു മോഹനെ കൊണ്ടു പോകും. ഇവിടങ്ങളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സനു മോഹന്റെ മൊഴിയിൽ സത്യമുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് കാർവാറിൽ വെച്ച് ഇയാളെ പിടികൂടുമ്പോൾ കൈകളിൽ മുറിവുണ്ടായിരുന്നു. ഇത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ ഭാഗമായി ഉണ്ടായതാണ് എന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത് .
മറ്റൊരിടത്തു വച്ച് ഇയാൾ മദ്യത്തിൽ വിഷം കലർത്തി കുടിച്ചുവെന്നും എന്നാൽ മരണം സംഭവിച്ചില്ലെന്നുമാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. ഇതിലെ വാസ്തവങ്ങളും പൊലീസ് പരിശോധിക്കും. സനു മോഹന് കേരളത്തിന് പുറത്ത് ഒളിവിൽ കഴിയാൻ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്നതും അന്വേഷിക്കുകയാണ്.
വൈഗയെ കൊലപ്പെടുത്തിയ ശേഷം സനു മോഹൻ പോയ സ്ഥലങ്ങളിലെല്ലാം അന്വേഷണ സംഘവും എത്തും.
തെളിവെടുപ്പ് പൂർത്തിയാക്കി കൊച്ചിയിൽ തിരികെയെത്തിയാൽ വീണ്ടും വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കും. ഇതിന്റെ ഭാഗമായി സനു മോഹനെ ഭാര്യയെ ഒപ്പം നിർത്തി വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെത്തിയ മുട്ടാർ പുഴയിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഭാര്യയുടെ മൊബൈൽ ഫോൺ വിറ്റ കങ്ങരപ്പടിയിലെ കടയിലും പൊലീസ് തെളിവെടുപ്പ് നടത്തി. തന്റെ ഫോൺ കളമശ്ശേരിയിൽ ഉപേക്ഷിച്ചു എന്ന് പറഞ്ഞ ഭാഗങ്ങളിലും പൊലീസ് തെരച്ചിൽ നടത്തി.
ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തകറ വൈഗയുടേതാണെന്ന് ഉറപ്പിക്കാനുള്ള ശാസ്ത്രീയ പരിശോധന ഫലം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.