കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ 40 വയസിന് താഴെയുള്ള നാലുപേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിതീവ്രമായി വ്യാപിക്കുകയാണ്. ഇതിനിടയിൽ പത്തനംതിട്ടയിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ ജനിതകമാറ്റം സംഭവിച്ച വൈറസുകൾ ജില്ലയിൽ എത്തിയിട്ടുണ്ടോ എന്ന സംശയത്തിന് ബലം നൽകുന്നതാണ്.
ജില്ലയിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന ഗുരുതര ശ്വാസതടസം നേരിട്ട 40 വയസിൽ താഴെയുള്ളവരുടെ ചിലരുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് ജനിതകമാറ്റം വന്ന വൈറസ് പത്തനംതിട്ട ജില്ലയിൽ ഉണ്ടോയെന്ന ആശങ്ക ഉയർന്നത്. ആരോഗ്യ വിഭാഗം തന്നെയാണ് ഇത്തരത്തിലൊരു സംശയം മുന്നോട്ട് വെച്ചത്.
കോവിഡ് ബാധിച്ചവരുമായി കോവിഡ് ബാധിച്ച് മരിച്ചവരുമായി സമ്പർക്ക പട്ടികയിൽ ഉള്ളവരും കൃത്യമായ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം കടുത്ത് പ്രതിസന്ധിയിലേക്ക് ജില്ലയിലെ ആരോഗ്യമേഖല പോകുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ 40 വയസിന് താഴെയുള്ള നാലുപേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഈ മരിച്ചവരിൽ ചിലർക്ക് പുറത്ത് നിന്ന് എത്തിയവരുമായി സമ്പർക്കം ഉണ്ടായിരുന്നു. ഇതാണ് ജനിതകമാറ്റം സംഭവിച്ച വൈറസുകൾ ജില്ലയിൽ എത്തിയോ എന്ന സംശയത്തിന് കാരണം. അതേസമയം, ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പത്തനംതിട്ട ജില്ലയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. സമ്പർക്ക് പട്ടികയിലുള്ളവർ കൃത്യമായ പരിശോധന നടത്താത്തതിനാൽ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളോടെയുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാണ്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകാൻ സാധ്യത. ഓരോ ദിവസത്തെയും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിന കേസുകൾ 40000 മുതൽ അരലക്ഷം വരെ ഉയരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ
. കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തൽ.
അതേസമയം, ഇന്നലെ സംസ്ഥാനത്ത് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇതിനിടെ, സംസ്ഥാനങ്ങൾക്ക് ആവശ്യമായ കോവിഡ് – 19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണ നയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3083, കോഴിക്കോട് 2279, മലപ്പുറം 1818, തൃശൂര്‍ 1833, കോട്ടയം 1427, തിരുവനന്തപുരം 1203, കണ്ണൂര്‍ 1162, ആലപ്പുഴ 1337, പാലക്കാട് 424, കാസര്‍ഗോഡ് 815, കൊല്ലം 840, ഇടുക്കി 620, വയനാട് 575, പത്തനംതിട്ട 423 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.