പുനലൂർ ഡിവൈ. എസ്. പി എസ്. എൻ. സന്തോഷ് കുമാറിന്റെ നേതൃത്വതിൽ പൊലീസ് സർജൻ, ഫോറെൻസിക്- സയന്റിഫിക് ഉദ്യോഗസ്ഥർ, താഹസീൽദാർ എന്നിവരുൾപ്പെടുന്ന വലിയ സംഘത്തിന്റെ സാന്നിധ്യത്തിലാണ് മണ്ണ് നീക്കി മൃതദേഹം പുറത്തെടുക്കുന്നത്.
കൊല്ലം : അഞ്ചൽ ഏരൂരിലെ ദൃശ്യം മോഡൽ കൊലപാതകത്തിന്റെ മൃതദേഹം പുറത്തെടുക്കാൻ നടപടി തുടങ്ങി. പുനലൂർ ഡിവൈ. എസ്. പി എസ്. എൻ. സന്തോഷ് കുമാറിന്റെ നേതൃത്വതിൽ പൊലീസ് സർജൻ, ഫോറെൻസിക്- സയന്റിഫിക് ഉദ്യോഗസ്ഥർ, താഹസീൽദാർ എന്നിവരുൾപ്പെടുന്ന വലിയ സംഘത്തിന്റെ സാന്നിധ്യത്തിലാണ് മണ്ണ് നീക്കി മൃതദേഹം പുറത്തെടുക്കുന്നത്. അഞ്ചൽ ഭാരതീപുരം തോട്ടംമുക്ക് പള്ളി മേലതിൽ വീട്ടിൽ ഷാജി പീറ്റർ (കരടി ഷാജി- 44 ) ആണ് കൊല്ലപ്പെട്ടത്. രണ്ടര വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ ഇന്നലെയാണ് വെളിപ്പെട്ടത്. സഹോദരൻ സജിൻ (29) ഷാജിയെ കമ്പിവടിക്ക് തലക്കടിച്ചു കൊലപെടുത്തിയതാണെന്നും അമ്മ പൊന്നമ്മയെ സഹായത്തിനു കൂട്ടി മൃതദേഹം വീടിന്റെ കിണറിന്റെ സമീപം കുഴിച്ചിട്ടുവെന്നും കസ്റ്റഡിയിലുള്ള സജിനും പൊന്നമ്മയും സജിന്റെ ഭാര്യ ആര്യയും സമ്മതിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് മൃതദേഹം മറവു ചെയ്ത സ്ഥലത്തെ മണ്ണ് മാറ്റുന്നത്. ഇതിനായി രാവിലെ തന്നെ എല്ലാ സജ്ജീകാരണങ്ങളും ഒരുക്കിയിരുന്നു. ഉച്ചക്ക് ശേഷമാകും ഇവിടെ നിന്നും അസ്ഥികൂടവും മറ്റ് തെളിവുകളും ശേഖരിച്ചു ഉദ്യോഗസ്ഥ സംഘത്തിന്റെ മടക്കം. 2018ലെ തിരുവോണ ദിവസം ആണ് കൊലപാതകം നടന്നത്. അന്ന് ഷാജി പീറ്റർ അനുജൻ സജിന്റെ ഭാര്യയോട് അപമാര്യാദയായി പെരുമാറി. ഇതേചൊല്ലി വൈകിട്ട് ആറിന് സജിനും ഷാജിയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സജിൻ കമ്പി വടികൊണ്ട് ഷാജിയുടെ തലക്ക് അടിക്കുകയുമായിരുന്നു. തറയിൽ കുഴഞ്ഞുവീണു മരിച്ച ഷാജിയുടെ മൃതദേഹം ഉടൻ തന്നെ സജിനും പൊന്നമ്മയും ചേർന്ന് കുഴിയെടുത്തു അടക്കി. സജിന്റെ ഭാര്യയും പങ്കാളിയായി. ഷാജി സ്ഥിരം ക്രിമിനൽ കേസ് പ്രതി ആയതിനാൽ ഒളിവിൽ പോയെന്നാണ് എല്ലാരേയും വിശ്വസിപ്പിച്ചത്. അടുത്തിടെ പൊന്നമ്മയും ആര്യയും തമ്മിൽ വഴക്ക് ഉണ്ടായപ്പോൾ കൊലപാതകവിഷയം പരാമർശിച്ചു. ഇത് പിന്നീട് ബന്ധുവായ പത്തനംതിട്ടയിൽ താമസിക്കുന്ന റോയിയോട് പൊന്നമ്മ വെളിപ്പെടുത്തി. റോയി ആര്യയെയും സജിനെയും ഭീഷണിപെടുത്തിയ ശേഷം പത്തനംതിട്ട ഡിവൈ. എസ്. പി മുൻപാകെ വിവരം ധരിപ്പിച്ചതാണ് കൊലപാതകകേസിന്റെ ചുരുൾ അഴിച്ചത്. വിജനമായ സ്ഥലത്താണ് പൊന്നമ്മയും കുടുംബവും താമസിച്ചിരുന്നത്. ഷാജി പീറ്ററിനെ പറ്റി നാട്ടുകാർക്ക് മോശം അഭിപ്രായങ്ങളാണ് ഉള്ളത്. സ്ത്രീകൾ മിക്കപ്പോഴും ഇയാളുടെ ശല്യത്തെ പറ്റി പരാതികൾ പറയാറുണ്ടായിരുന്നു. രണ്ടര വർഷമായി ഷാജിയുടെ ശല്യം ഇല്ലെന്ന ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ആരുകൊലയുടെ വിവരങ്ങൾ പുറത്തു വന്നത്. രാവിലെ മുതൽ മൃതദേഹം കുഴിച്ചെടുക്കുന്നത് കാണാൻ വൻ ജനാവലി ഇവിടെ എത്തിയിട്ടുണ്ട്. പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്.