ചെറിയ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ എല്ലാ തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടരേണ്ടതാണെന്നും സുരക്ഷിതരായി ഇരിക്കണമെന്നു രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.
‘ചെറിയ ലക്ഷണങ്ങളെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയിരുന്നവർ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സുരക്ഷിതരായി ഇരിക്കുക’
കഴിഞ്ഞ ദിവസം, മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗിന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടെന്നും എന്നാലും ആരോഗ്യസ്ഥിതി നല്ല രീതിയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
കാര്യമായ ലക്ഷണങ്ങൾ ഇല്ലെങ്കിലും പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2009ൽ മൻമോഹൻ സിംഗ് കാർഡിയാക് ബൈപാസ് സർജറിക്ക് വിധേയനായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൻമോഹൻ സിംഗ് കത്ത് എഴുതിയിരുന്നു. കോവിഡ് വ്യാപനം പരിഹരിക്കാനുള്ള അഞ്ചു നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു മന്മോഹന് സിംഗിന്റെ കത്ത്. കോവിഡ് വ്യാപന കാലയളവില്‍ വാക്സിനേഷന് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആവശ്യമായ ഓര്‍ഡറുകള്‍ വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.