മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സിനേഷൻ
ന്യൂഡൽഹി: മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവിൽ 45 വയസിനു മുകളിൽ മാത്രം പ്രായമുള്ളവർക്കാണ് കോവിഡ് വാക്സിനേഷൻ പരിമിതപ്പെടുത്തിയിരിക്കുന്നത്.
’18 വയസ്സിന് മുകളിലുള്ള എല്ലാവരും COVID-19 നെതിരെ വാക്സിൻ എടുക്കാൻ യോഗ്യരാണ്’ – സർക്കാർ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘വാക്സിൻ നിർമ്മാതാക്കൾ തങ്ങളുടെ വിതരണത്തിന്റെ 50 ശതമാനം വരെ സംസ്ഥാന സർക്കാരുകൾക്കും ഓപ്പൺ മാർക്കറ്റിലും മുൻകൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്’ – കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് എല്ലാ പൗരന്മാർക്കും വാക്സിൻ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വാക്സിൻ സ്വീകരിക്കാൻ ചെയ്യേണ്ടത്
1. CoWIN – cowin.gov.in ഔദ്യോഗിക വെബ്സൈറ്റിൽ കയറുക
2. നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പരോ ആധാർ നമ്പരോ രജിസ്റ്റർ ചെയ്യുക.
3. മൊബൈൽ നമ്പരിലേക്ക് വരുന്ന ഒടിപി നൽകുക.
4. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് സൗകര്യമുള്ള ദിവസവും സമയവും നിശ്ചയിക്കാം.
5. നിങ്ങൾ നൽകിയ ദിവസം കോവിഡ് വാക്സിൻ സ്വീകരിക്കാവുന്നതാണ്.
ഇതിന് ശേഷം നിങ്ങൾക്ക് ഒരു റഫറൻസ് ഐഡി ലഭിക്കും. ഇതുവഴി നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാം.
വാക്സിനേഷന് എന്തൊക്കെ രേഖകൾ വേണം
താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും ഒരെണ്ണം വാക്സിൻ രജിസ്ട്രേഷന് നൽകേണ്ടതാണ്.
1. ആധാർ കാർഡ്
2. പാൻ കാർഡ്
3. വോട്ടർ ഐഡി
4. ഡ്രൈവിങ് ലൈസൻസ്
5. തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
6. മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ്
7. ഗാരന്റീ ആക്ട് ജോബ് കാർഡ്
8. എംപി/എംഎൽഎ/എംഎൽസി നൽകിയ ഔദ്യോഗിക ഐഡിന്റിറ്റി കാർഡ്
9. പാസ്പോർട്ട്
10. പോസ്റ്റ് ഓഫീസ്/ബാങ്ക് പാസ് ബുക്ക്
11. പെൻഷൻ ഡോക്യുമെന്റ്
12. കേന്ദ്ര/സംസ്ഥാന/ പൊതു മേഖലാ സ്ഥാപനത്തിലെ സർവീസ് ഐഡിന്റിറ്റി കാർഡ്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേർ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു