ഏപ്രില്‍ 23 മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പ്രഖ്യാപിച്ചു
ലഖ്നൗ: കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൂടാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 23 മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പ്രഖ്യാപിച്ചു.
ലോക്ഡൗണ്‍ വെള്ളിയാഴ്ച രാത്രി എട്ടു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏവു വരെ തുടരും. ലോക്ഡൗണ്‍ സമയത്ത് അവശ്യ സേവനങ്ങളെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് അവാനിഷ് അവസ്തി വ്യക്തമാക്കി. എല്ലാ ജില്ലകളിലും രാത്രി കര്‍ഫ്യൂ ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഞ്ചു ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 26 വരെ അഞ്ചു നഗരങ്ങളില്‍ മാളുകള്‍, ഷോപ്പിംഗ് കോപ്ലംക്സുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ അടയ്ക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി യുപി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
അലഹബാദ്, ലഖ്നൗ, വാരണാസി, കാണ്‍പൂര്‍, നഗര്‍, ഗോരഖ്പുര്‍ എന്നീ നഗരങ്ങളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇന്ന് വാദം കേട്ട സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,59,170 പുതിയ കോവിഡ് രോഗികളാണ്. തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായിരുന്നു. ദിവസേനയുള്ള വര്‍ധനവിനിടിയിലാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 1,761 പേരാണ്. ആശുപത്രികളിലായിരുന്ന കോവിഡ് രോഗികളില്‍ 1,54,761 പേര് ഇന്നലെ ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്. ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 58,924 ആണ്. ഉത്തര്‍പ്രദേശ്- 28,211, ഡല്‍ഹി-23,686, കര്‍ണാടക-15,785, ഛത്തീസ്ഗഢ് 13,834 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.