തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 40 ശതമാനത്തിൽ താഴെ ഐ സി യു കിടക്കകളാണ് ബാക്കിയുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താൻ തീരുമാനം. ജില്ല ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന. എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 65 ശതമാനമാണ്.
കൂടാതെ തൃശൂരിൽ വെങ്കിടങ്ങ് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 79 .41ശതമാനവും ഒരുമനയൂരിൽ 63 .64 ശതമാനവും കടപ്പുറം പഞ്ചായത്തിൽ 52 ശതമാനവും, കഴൂരിൽ 50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത്തരം പഞ്ചായത്തുകളിലാണ് എല്ലാ വീടുകളിലും പരിശോധന നടത്തുക.
പരിശോധന വർദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം കോവിഡ് ഭേദമാകുന്നവരുടെ എണ്ണം പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ എത്തിക്കണം. ഈ നിലയിൽ എത്തിയാൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ.
കോവിഡ് വൈറസിന്റെ ജനതികമാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാൽ, വാക്സിൻ ഫലപ്രദമാകാത്ത രീതിയിൽ ജനിതകമാറ്റം സംഭവിച്ചോ എന്നതാണ് സംശയം. രണ്ട് ഡോഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനിതകമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താൻ തീരുമാനിച്ചത്.
നാല് ജില്ലകളിൽ ഒഴികെ ഐ സി യു, വെന്റിലേറ്റർ സൗകര്യങ്ങൾ തൃപ്തികരമാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ
ആകെയുള്ള 2,665 ഐ സി യു കിടക്കളിൽ പകുതിയോളം രോഗികളുണ്ട്. 2,225 വെന്റിലേറ്ററുകളിൽ നാനൂറോളം രോഗികളും കഴിയുന്നു. രോഗവ്യാപനം അതിരൂക്ഷമായ എറണാകുളത്ത് എഴുപത് ശതമാനത്തോളവും കോഴിക്കോട് 65 ശതമാനത്തോളവും ഐ സി യു കിടക്കകൾ നിറഞ്ഞു.
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 40 ശതമാനത്തിൽ താഴെ ഐ സി യു കിടക്കകളാണ് ബാക്കിയുള്ളത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലായി 7,085 ഐ സി യു കിടക്കകളും 1,523 വെന്റിലേറ്ററുകളുമുണ്ട്.