തിരുവനന്തപുരം ശ്രീചിത്രയിൽ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട ഏഴ് രോഗികൾ കോവിഡ് പോസിറ്റീവ്. രണ്ട് ജീവനക്കാർക്കും കോവിഡ് ബാധിച്ചു.
ഇവിടെ നടക്കാനിരുന്ന ഹൃദയ ശസ്ത്രക്രിയകൾ മാറ്റിവച്ചു. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തുമെന്നും അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി 18,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,42,71,741 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2741, കോഴിക്കോട് 2512, തൃശൂര്‍ 1747, കോട്ടയം 1530, മലപ്പുറം 1597, കണ്ണൂര്‍ 1273, പാലക്കാട് 512, തിരുവനന്തപുരം 782, കൊല്ലം 796, ആലപ്പുഴ 793, ഇടുക്കി 656, പത്തനംതിട്ട 630, കാസര്‍ഗോഡ് 602, വയനാട് 591 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 25, കണ്ണൂര്‍ 14, വയനാട്, കാസര്‍ഗോഡ് 6 വീതം, എറണാകുളം, തൃശൂര്‍ 3 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് RTPCR പരിശോധനയോ 14 ദിവസം റൂം ഐസൊലേഷനോ നിര്‍ബന്ധം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര് ടി പി സി ആര് പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
വാക്സിന് എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര് ടി പി സി ആര് പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ ആര് ടി പി സി ആര് പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയേണ്ടതുമാണ്.