പുതിയ കണക്കുകൾ പ്രകാരമുള്ള കോവിഡ് കേസുകളിൽ 27.15 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്
ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടു ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തി മുപ്പത്തി നാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1341 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
പുതിയ കണക്കുകൾ പ്രകാരമുള്ള കോവിഡ് കേസുകളിൽ 27.15 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലാണ് 59.79 ശതമാനവും. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് 398 മരണങ്ങളാണ്. ഡൽഹിയിൽ 141 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
1,45,26,609 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 1,26,71,220 പേർ കോവിഡ് മുക്തരായപ്പോൾ 1,75,649 പേർ മരണപ്പെട്ടു. നിലവിൽ 16,79,740 ആക്ടീവ് കേസുകളാണ് ഇന്ത്യയിലുള്ളത്. ഇന്നലെ വരെ രാജ്യത്ത് 11,99,37,641 ഡോസ് വാക്സിനും നൽകി.