കർണാട പോലീസിന്റെ സഹായത്തോടെ മൂകാംബികയിൽ വ്യാപക തിരച്ചിൽ
കൊച്ചി: മുട്ടാര്‍ പുഴയില്‍ പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക്. സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നു എന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. കർണാട പോലീസിന്റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ ആരംഭിച്ചു.
മൂകാംബികയിലെ സ്വകാര്യ ഹോട്ടലില്‍ സനു മോഹന്‍ മൂന്ന് ദിവസം താമസിച്ചിരുന്നു എന്നാണ് വിവരം. ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് പരിസരത്തെ മലയാളികൾക്ക് ഇത് സനു മോഹന്‍ ആണെന്ന് സംശയമുണ്ടായത്. തർക്കത്തിനിടെ ഇയാൾ കടന്നു കളയുകയും ചെയ്തു. സിസിടിവി പരിശോധിച്ചതിൽ നിന്ന് സനുമോഹനാണെന്ന് സ്ഥിരീകരിക്കാനായെന്ന് പൊലീസ് വ്യക്തമാക്കി.
താമസക്കാരന് ഹോട്ടലില്‍ നല്കിയ തിരിച്ചറിയല്‍ രേഖ കൂടുതല്‍ പരിശോധിച്ചു വരികയാണ്. സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തിയിട്ടുണ്ട്. കർണാട പോലീസിന്റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുകയാണ്. മൂകാംബികയിൽ നിന്ന് ഇയാൾ രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശവും നൽകിയട്ടുണ്ട്.
അതേസമയം, മരിച്ച പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ഉടന്‍ ലഭ്യമാകും. ഇത് ലഭ്യമായാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. അടുത്തദിവസം വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തി. ഇതേ ദിവസം തന്നെ പുലര്‍ച്ചെ സനുമോഹന് സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വൈഗ മരിച്ചിട്ട് ഒരു മാസം ആകുമ്പോഴും ഒളിവില്‍ പോയ പിതാവ് സനു മോഹനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വൈഗയുടെ മരണത്തില്‍ ബന്ധുക്കള്‍ പലതും ഒളിച്ചുവെക്കുന്നതായി സനു മോഹന്റെ അമ്മ സരള ആരോപിച്ചിരുന്നു. അഞ്ച് വര്‍ഷമായി സനു മോഹനും കുടുംബവും കങ്ങരപ്പടി ഫ്ളാറ്റില്‍ ഒളിവില്‍ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നുമായിരുന്നു സരള പറഞ്ഞിരുന്നത്.