നാളെ മുതൽ ഏതാനും സർക്കാർ കേന്ദ്രങ്ങൾ മാത്രമാകും വാക്സിൻ നൽകുക.
കൊച്ചി: കോവിഡ് പ്രതിരോധ വാക്സിൻ ലഭിക്കാതായതോടെ ജില്ലകളിൽ പ്രതിരോധ കുത്തിവെയ്പ്പ് പ്രതിസന്ധിയിലായി. വാക്സിൻ ലഭിക്കാത്തതിനാൽ എറണാകുളം ജില്ലയിൽ മാസ്സ് വാക്സിനേഷൻ താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ എം.ജി. ശിവദാസൻ അറിയിച്ചു. നാളെ മുതൽ ഏതാനും സർക്കാർ കേന്ദ്രങ്ങൾ മാത്രമാകും വാക്സിൻ നൽകുക. സ്വകാര്യ ആശുപത്രികൾ വഴിയുള്ള കുത്തിവെയ്പുകൾ പൂർണ്ണമായും അവസാനിപ്പിച്ചു. ആവശ്യത്തിനുള്ള വാക്സിൻ ലഭ്യമായാൽ മാത്രമേ മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി ആരംഭിക്കുകയുള്ളു എന്ന് നോഡൽ ഓഫിസർ വ്യക്തമാക്കി.
158 ക്യാമ്പുകളാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ ആരംഭിച്ചത്. 60 വയസ്സിന് മുകളിലുള്ളവർക്ക് ഉള്ള കുത്തിവെപ്പുകൾ ഇവിടെയാണ് എടുത്തിരുന്നത്. എന്നാൽ 45 ന് വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവെയ്പ് തുടങ്ങിയതോടെ കൂടുതൽ ആളുകൾ പേര് രജിസ്റ്റർ ചെയ്യാൻ എത്തിയിരുന്നു. ആളുകളുടെ ആവശ്യത്തിനനുസരിച്ച് വാക്സിൻ ലഭ്യമാകാതെ വന്നതോടുകൂടി ക്യാമ്പുകളും പതുക്കെ അവസാനിപ്പിക്കുകയാണ്.
ഇതുവരെ 6,88,000 പേർക്കാണ് വാക്സിൻ നൽകിയത്. ഇതിൽ 5,99,000 പേർക്ക് ആദ്യ ഡോസ് ആണ് നൽകിയിട്ടുള്ളത്. 45 വയസ്സിന് മുകളിലുള്ളവർക്ക് മുഴുവനായും വാക്സിൻ നൽകണമെങ്കിൽ ഇനിയും 5 ലക്ഷം ഡോസുകൾ ജില്ലയിൽ മാത്രം വേണ്ടിവരും. 60 വയസ്സിന് മുകളിലുള്ള 70 മുതൽ 80 ശതമാനം വരെ ആളുകൾക്ക് വാക്സിൻ നൽകിയതായാണ് കണക്ക്. രണ്ടുലക്ഷം വാക്സിൻ എങ്കിലും ലഭിച്ചാൽ മാത്രമേ ഒരാഴ്ച നിരന്തരമായി ക്യാമ്പുകൾ നടത്തി വാക്സിൻ കൊടുക്കാൻ കഴിയുകയുള്ളൂ . അത്രയും വാക്സിൻ്റെ ലഭ്യത ഉറപ്പുവരുത്താതെ ഇനി മെഗാ വാക്സിൻ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം.
അധിക വാക്സിൻ ഇല്ലാതെ ക്യാമ്പുകളിൽ നടത്തിയാൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടാവുകയും വാക്സിൻ കിട്ടാതെ വരുമ്പോൾ ബഹളമുണ്ടാക്കുകയും ചെയ്യുന്നത് വീണ്ടും ഗുരുതര പ്രശ്നങ്ങളിലേക്ക് എത്തിക്കും . ഇത് സർക്കാരിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ 10,000 ലധികം പേരാണ് ഇപ്പോൾ പോസിറ്റീവായി ചികിത്സയിലുള്ളത് ഇരുപത്തയ്യായിരത്തിലധികം പേർ നിരീക്ഷണത്തിലുമാണ് . ഈ മാസം ആദ്യം രണ്ടായിരം പേർ മാത്രമായിരുന്നു ജില്ലയിൽ പോസിറ്റീവായി ചികിത്സയിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ച കൊണ്ടാണ് കുത്തനെയുള്ള വർദ്ധനവ് . ഈ കണക്കുകൾ ജില്ലയിലെ ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധി തീർക്കുന്നതിനിടെയാണ് പ്രതിരോധ വാക്സിനുകളുടെ ക്ഷാമം. ഇതെല്ലാം എറണാകുളം ജില്ലയെ കൂടുതൽ പ്രതിസന്ധിയിലെത്തിക്കാനാണ് സാധ്യത.
എന്നാൽ വരും ദിവസങ്ങളിൽ കോവിഡ് വാക്സിനുകളുടെ ക്ഷാമം മറികടക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത് . ആവശ്യത്തിനനുസരിച്ചുള്ള ഉള്ള വാക്സിനുകൾ വരുംദിവസങ്ങളിൽ ലഭിക്കുന്നതോടെ നിലവിലുള്ള പ്രശ്നങ്ങൾ മറികടക്കാൻ കഴിയുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു