സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ജില്ലയിലെ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുണ്ട്. ജി സുധാകരന്റെ പരസ്യ പ്രതികരണം ആ പശ്ചാത്തലത്തിലാണെന്നും നാസർ പിന്തുണച്ചു.
ആലപ്പുഴ: സി പി എമ്മില്‍ കടന്നു കൂടിയ ക്രിമിനലുകളെ തിരുത്തുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര് നാസര്‍. പാര്‍ട്ടിയില്‍ ക്രിമിനലിസമെന്ന ജി സുധാകരന്റെ പ്രസ്താവനയോടാണ് പ്രതികരണം. ക്രിമിനല്‍ സ്വഭാവം കാണിക്കുന്ന സഖാക്കളെ തിരുത്തിയാണ് മുന്നോട്ടു പോകുന്നത്. സുധാകരന് പ്രതികരിക്കേണ്ടി വന്നത് സംഭവിക്കാൻ പാടില്ലാത്തത് പാർട്ടിക്കുള്ളിൽ സംഭവിച്ചതു കൊണ്ടാണെന്നും ആര് നാസര്‍ ന്യൂസ് 18നോട് പറഞ്ഞു.
സി പി എം സംഘടനാ കീഴ്വഴക്കങ്ങൾ മറികടന്നായിരുന്നു തനിക്കെതിരെ ഒരു വിഭാഗം വ്യക്തിഹത്യ നടത്തുന്നുവെന്നും പൊളിറ്റിക്കൽ ക്രിമിനലുകളെ പോലെ പെരുമാറുന്നു എന്നുമുള്ള ജി സുധാകരന്റെ പ്രതികരണം. വാർത്താ സമ്മേളനം വിളിച്ച് ചേർത്തായിരുന്നു ഈ ആരോപണം. സുധാകരൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ശരിവെക്കുകയാണ് സി പി എം ജില്ലാ സെക്രട്ടറി. പാർട്ടിക്കുള്ളിലെ ക്രിമിനൽ വത്കരണം അനുവദിക്കാനാവില്ലെന്നും തിരുത്തൽ നടപടികൾ ആരംഭിച്ചുവെന്നും നാസർ ന്യൂസ് 18നോട് പറഞ്ഞു.
സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ജില്ലയിലെ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുണ്ട്. ജി സുധാകരന്റെ പരസ്യ പ്രതികരണം ആ പശ്ചാത്തലത്തിലാണെന്നും നാസർ പിന്തുണച്ചു.
തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ജി സുധാകരനെയും തോമസ് ഐസക്കിനെയും ഒഴിവാക്കിയതിന് പിന്നാലെയാണ് സി പി എമ്മിൽ പൊട്ടിത്തെറി ആരംഭിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് രംഗത്തിന് പുറമെ പാർട്ടി കൂടി വരുതിയിലാക്കാനുള്ള സജി ചെറിയാൻ നയിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പുത്തൻ ഗ്രൂപ്പിന്റെ നീക്കത്തിന് തിരിച്ചടി നൽകുന്നതാണ് ജില്ലാ നേതൃത്വത്തിൽ നിന്നും സുധാകരന് ലഭിച്ച പിന്തുണ.
അമ്പലപ്പുഴയിൽ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടതും പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതി വ്യാപകമായി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതിനെയുമൊക്കെ ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.