യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര് ഷഹിന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
കോഴിക്കോട് : കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസിൽ പരാതി നല്കി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര് ഷഹിന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
പകര്‍ച്ച വ്യാധി നിയന്ത്രണ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. ആളുകള്‍ കൂട്ടംകൂടി മുഖ്യമന്ത്രിയെ യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയില്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് ആര് ഷഹിന്‍ നല്കിയ പരാതിയില്‍ പറയുന്നു. നിരവധി തവണയാണ് പിണറായി വിജയന് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
രോഗലക്ഷണങ്ങള്‍ ഉള്ളപ്പോഴാണ് മുഖ്യമന്ത്രി ധര്‍മടത്ത് റോഡ് ഷോ നടത്തിയത്. കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിപിഇ കിറ്റ് ധരിക്കാതെ അകമ്പടിയോടുകൂടിയായിരുന്നു ആശുപത്രിയില്‍ എത്തിയത്. കോവിഡ് നെഗറ്റീവായെങ്കിലും നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയാതെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഭാര്യയ്ക്കൊപ്പമാണ് മുഖ്യമന്ത്രി മടങ്ങിയതും.
സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഉത്തരവുകളെയും നിര്‍ദേശങ്ങളെയും പരിഹസിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പെരുമാറിയത് പൊതുസമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കോവിഡ് വ്യാപന ഘട്ടത്തില്‍ പ്രതിരോധ നടപടികളെയാകെ തുരങ്കം വെക്കുന്ന തരത്തിലേക്ക് മുഖ്യമന്ത്രിയുടെ നടപടികള്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രവാസികളെയടക്കം മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് കേരളത്തോട് മാപ്പ് പറയണമെന്നും ആര് ഷഹിന്‍ ആവശ്യപ്പെട്ടു.