ആശുപത്രിയിൽനിന്ന് സാബിർ മരിച്ചതായി അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ബന്ധുക്കൾക്ക് ലഭിക്കുന്നത്. ആശുപത്രിയിലെത്തിയ ബന്ധുക്കൾക്ക് മൊല്ലയുടെ ഡെത്ത് സർട്ടിഫിക്കറ്റും നൽകി.
കൊൽക്കത്ത: ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതുകയും ഡെത്ത് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്ത രോഗി ജീവനോട് വീട്ടിലെത്തി. ബംഗാളിലെ ചിത്തരഞ്ജൻ നാഷണൽ മെഡിക്കൽ കോളേജിലാണ് സംഭവം. ഏപ്രിൽ 11 ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സാബിർ മൊല്ല എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിച്ചില്ല. അതിനിടെയാണ് ആശുപത്രിയിൽനിന്ന് സാബിർ മൊല്ല മരിച്ചതായി അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ലഭിക്കുന്നത്. ആശുപത്രിയിലെത്തിയ ബന്ധുക്കൾക്ക് മൊല്ലയുടെ ഡെത്ത് സർട്ടിഫിക്കറ്റും നൽകി.
പിന്നീട് മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ഏപ്രിൽ 16ന് മൊല്ലയുടെ കുടുംബം ആശുപത്രി സന്ദർശിക്കുമ്പോഴാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്. മൊല്ലയുടെ മൃതദേഹം സ്വീകരിക്കാൻ എത്തിയെങ്കിലും കോവിഡ് ബാധിച്ചതിനാൽ വിട്ടുതരാൻ ആകില്ലെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു. ഇതേത്തുടർന്ന് മൊല്ലയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി. അതിനിടെയാണ്, ആശുപത്രിയിലെ ഒരു കുളിമുറിക്ക് പുറത്തുവെച്ച് മൊല്ലയെ കണ്ടതായി അദ്ദേഹത്തിന്റെ ഒരു ബന്ധം അവിടെയെത്തി പറയുന്നത്. വൈകാതെ ബന്ധുക്കൾ മൊല്ലയെ കൂട്ടിക്കൊണ്ടുവന്നു. നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു.
നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള ഒരാൾ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇയാളുടെ പേരു വിവരം രേഖപ്പെടുത്തുന്ന സ്ഥാനത്ത് സാബിർ മൊല്ലയുടെ പേരും മേൽവിലാസവും തെറ്റായി ചേർക്കുകയായിരുന്നു. അടുത്തിടെ ബംഗാളിൽ ഇത്തരത്തിൽ മരണപ്പെട്ടയാളുടെ പേരു വിവരം മാറിപ്പോയ രണ്ടാമത്തെ സംഭവമാണിത്. നേരത്തെ, 75 കാരനായ COVID-19 രോഗിയെ, ഷിബ്ദാസ് ബാനർജി എന്ന് തെറ്റായി രേഖപ്പെടുത്തി, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ആശുപത്രി അധികൃതർ അബദ്ധത്തിൽ മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ COVID-19 ന്റെ എണ്ണം 6,43,795 ആയി ഉയർന്നു. മരണസംഖ്യ 10,506 ആയി ഉയർന്നു. 26 രോഗികൾ വൈറസ് ബാധിച്ച് മരണമടഞ്ഞു.
തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടു ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തി മുപ്പത്തി നാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1341 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
പുതിയ കണക്കുകൾ പ്രകാരമുള്ള കോവിഡ് കേസുകളിൽ 27.15 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലാണ് 59.79 ശതമാനവും. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് 398 മരണങ്ങളാണ്. ഡൽഹിയിൽ 141 മരണങ്ങളും റിപ്പോർട്ട് ചെയ്തു.1,45,26,609 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 1,26,71,220 പേർ കോവിഡ് മുക്തരായപ്പോൾ 1,75,649 പേർ മരണപ്പെട്ടു. നിലവിൽ 16,79,740 ആക്ടീവ് കേസുകളാണ് ഇന്ത്യയിലുള്ളത്. ഇന്നലെ വരെ രാജ്യത്ത് 11,99,37,641 ഡോസ് വാക്സിനും നൽകി.