തിയറ്ററുകളും, ബാറുകളും ഉള്‍പ്പെടെ ഇന്ന് മുതല്‍ രാത്രി 9 മണിവരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയുമായി രണ്ടര ലക്ഷം പേരില്‍ കോവിഡ് പരിശോധന നടത്തും. ആശുപത്രികളിലും, മൊബൈല്‍ പരിശോധനാ സംവിധാനങ്ങള്‍ ഉപയോഗിച്ചും ആകും പ്രത്യേക പരിശോധന. കോവിഡ് നിയന്ത്രണങ്ങളും ഇന്നുമുതല്‍ കര്‍ശനമാക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായവർ, കോവിഡ് മുന്നണിപ്രവർത്തകർ, കോവിഡ് വ്യാപന പ്രദേശങ്ങളിലുള്ളവർ, ആളുകളുമായി സമ്പർക്കം പുലർത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഷോപ്പുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യുട്ടീവുകൾ എന്നിവരെ കണ്ടെത്തി പരിശോധിക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂട്ടപ്പരിശോധന. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ച് ഏകോപിതമായി കാര്യങ്ങള്‍ നീക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അടുത്ത രണ്ടാഴ്ച ഫലപ്രദമായ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാവണം. കണ്ടെയ്ന്മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നത് കോവിഡ് പരിശോധനയ്ക്ക് തടസ്സമാവുന്ന രീതിയിലാവരുത്.
വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്ക് മുൻകൂട്ടി അനുമതി
വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്ഡോർ പരിപാടികളിൽ നൂറ്റമ്പതായും പരിമിതപ്പെടുത്തി. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
തിയേറ്ററുകളും ബാറുകളും 9 മണിവരെ
തിയറ്ററുകളും, ബാറുകളും ഉള്‍പ്പെടെ ഇന്ന് മുതല്‍ രാത്രി 9 മണിവരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ. തിയേറ്ററുകളിൽ അമ്പതുശതമാനം പേർക്കുമാത്രമാണ് അനുമതിയുള്ളത്. വലിയ തിരക്കുള്ള മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവിടങ്ങളില്‍ ആളുകള്‍ കൂടുന്നത് നിയന്ത്രിക്കണം.
പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. ട്യൂഷന് സെന്ററുകള്‍ രോഗവ്യാപനത്തിനിടയാക്കരുത്. അക്കാര്യം അതത് സ്ഥലത്തെ ആരോഗ്യവകുപ്പും മറ്റും ഉറപ്പാക്കണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകൾര് കൂടാതെ ശ്രദ്ധിക്കണം.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷം കടന്നേക്കും. വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം കൂടി. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഇന്ന് രാത്രി ആരംഭിക്കും. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി 100 പുതിയ ആശുപത്രികള്‍ക്ക് സ്വന്തമായി ഓക്സിജന്‍ പ്ലാന്റ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ വാരാന്ത്യ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും.അവശ്യ സര്‍വ്വീസുകള്‍ക്ക് തടസമുണ്ടാകില്ല.വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പാസ് എടുക്കണം.മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടും