അഭിമന്യുവിന്റെ സംസ്കാരം പടയണി വെട്ടത്തെ വീട്ടുവളപ്പിൽ നടന്നു. വിഷു ദിനത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
ആലപ്പുഴ: അഭിമന്യുവിന്റെ കൊലപാതകത്തിൽ ആർ എസ് എസിന് എതിരെ ആഞ്ഞടിച്ച് സി പി എം. കൊച്ചു കുഞ്ഞുങ്ങളെ കൊന്നാൽ രാഷ്ട്രീയമായും കായികമായും നേരിടുമെന്ന് സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ ന്യൂസ് 18നോട് പറഞ്ഞു.
ആർ എസ് എസ് തിരുത്തിയില്ലെങ്കിൽ സി പി എം തിരുത്തുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. അതേസമയം കൊലപാതകത്തിലെ മുഖ്യപ്രതിയായ ആർ എസ് എസ് പ്രവർത്തകൻ പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങി.
ആർ എസ് എസും സി പി എമ്മും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന വള്ളികുന്നം പടയണി വെട്ടം പ്രദേശങ്ങളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. കായികമായി അക്രമിക്കാൻ വന്നാൽ പ്രതിരോധിക്കുക തന്നെ ചെയ്യും. അടിച്ചാൽ തിരിച്ചടിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ആർ എസ് എസ് പ്രവർത്തകനുമായ സജയ് ദത്ത് പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങി.
സജയ് ദത്തിന് പുറമെ പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയ വിഷ്ണുവെന്നയാളും പൊലിസ് കസ്റ്റടിയിലാണ്. സജയ് ദത്തിനൊപ്പം നാലുപേർ കൂടി ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
അഭിമന്യുവിന്റെ സംസ്കാരം പടയണി വെട്ടത്തെ വീട്ടുവളപ്പിൽ നടന്നു. വിഷു ദിനത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.