തോറ്റു എന്ന് ഉറപ്പിച്ച മത്സരത്തെ രാജസ്ഥാന്റെ വരുതിയിലാക്കിയത് ക്രിസ് മോറിസ് ആണ്
അവസാന ഓവർ മത്സരങ്ങൾ സ്ഥിരമായ ഈ ഐപിഎൽ സീസണിൽ ഇതാ അത്യന്തം ആവേശകരമായ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നും ജയത്തിലേക്ക് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് രാജസ്ഥാൻ റോയൽസ്. ഐപിഎൽ താരലേലത്തിൽ 16.25 കോടി രൂപ മുടക്കി തന്നെ ടീമിലെത്തിച്ചത് വെറുതെ അല്ല എന്ന് വെടിക്കെട്ട് പ്രകടനത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിസ് മോറിസ്. 18 പന്തിൽ നിന്നും 36 റൺസ് നേടിയ താരത്തിന്റെ പ്രകടനമാണ് തോറ്റു എന്ന് ഉറപ്പിച്ച മത്സരത്തെ രാജസ്ഥാന്റെ വരുതിയിലാക്കിയത്. ഡേവിഡ് മില്ലർ നേടിയ 62 റൺസാണ് രാജസ്ഥാൻ ഇന്നിങ്സിൻ്റെ നട്ടെല്ലായത്.
നേരത്തെ രാജസ്ഥാൻ എറിഞ്ഞു നിർത്തിയിടത്ത് നിന്നാണ് ഡൽഹി ബൗളർമാർ കളി തുടങ്ങിയത്.
148 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 13 റൺസിനിടയിൽ ഓപ്പണർ മനൻ വോറയെ ടീമിന് നഷ്ടമായി. ഒമ്പത് റൺസെടുത്ത വോറയെ ക്രിസ് വോക്സ് റബാദയുടെ കൈയ്യിലെത്തിച്ചു. വോറയ്ക്ക് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി.
അതേ ഓവറിൽ തന്നെ അപകടകാരിയായ ജോസ് ബട്ലറെ പുറത്താക്കി ക്രിസ് വോക്സ് രാജസ്ഥാന് ഇരട്ട പ്രഹരമേൽപ്പിച്ചു. വെറും രണ്ട് റൺസെടുത്ത ബട്ലറെ വോക്സ് പന്തിന്റെ കൈയ്യിലെത്തിച്ചു. ബട്ലർ പുറത്താകുമ്പോൾ മൂന്നോവറിൽ രണ്ട് വിക്കറ്റിന് 13 എന്ന നിലയിലായി രാജസ്ഥാൻ.
തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ നായകൻ സഞ്ജു സാംസണെ ശിഖർ ധവാന്റെ കൈയ്യിലെത്തിച്ച് കഗിസോ റബാദ രാജസ്ഥാന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. നാല് റൺസെടുത്ത സഞ്ജു പുറത്താകുമ്പോൾ 3.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17 എന്ന നിലയിലേക്ക് രാജസ്ഥാൻ വീണു.
ഈ ഘട്ടത്തിൽ ഡേവിഡ് മില്ലറും ശിവം ദുബെയും ഒത്തുചേർന്നു. വളരെ ശ്രദ്ധയോടെയാണ് ഇരുവരും കളിച്ചത്. അതുകൊണ്ടുതന്നെ ബാറ്റിങ് പവർപ്ലേയിൽ വെറും 26 റൺസാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്.
എന്നാൽ ഡൽഹിയുടെ മാരക ബൗളിങ്ങിനു മുന്നിൽ ദുബെയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഏഴാം ഓവറിലെ നാലാം പന്തിൽ വെറും രണ്ട് റൺസ് മാത്രമെടുത്ത ദുബെയെ പുറത്താക്കി ആവേശ് ഖാൻ രാജസ്ഥാന്റെ നാലാം വിക്കറ്റെടുത്തു. ഇതോടെ രാജസ്ഥാൻ 36 ന് നാല് എന്ന നിലയിലേക്ക് തകർന്നു.
പിന്നാലെ വന്ന പരാഗിനും പിടിച്ചുനിൽക്കാനായില്ല. വെറും രണ്ട് റൺസ് മാത്രമെടുത്ത താരത്തെ ആവേശ് ഖാൻ ശിഖർ ധവാന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന പരാഗിനും പിടിച്ചുനിൽക്കാനായില്ല. വെറും രണ്ട് റൺസ് മാത്രമെടുത്ത താരത്തെ ആവേശ് ഖാൻ ശിഖർ ധവാന്റെ കൈയ്യിലെത്തിച്ചു. പരാഗ് പുറത്താകുമ്പോൾ 42 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി രാജസ്ഥാൻ. പിന്നീട് ചില മികച്ച ഷോട്ടുകൾ കളിച്ച മില്ലർ ടീം സ്കോർ 50 കടത്തി.
ക്രീസിലേക്ക് രാഹുൽ തെവാട്ടിയ കൂടിയെത്തിയതോടെ രാജസ്ഥാന് വിജയപ്രതീക്ഷ കൈവന്നു. മില്ലർ ആക്രമിച്ച് കളിച്ചപ്പോൾ തെവാട്ടിയ സിംഗിളുകൾ എടുത്ത് അതിനുള്ള അവസരം നൽകി. ഇരുവരും 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 15-ാം ഓവറിലെ അഞ്ചാം പന്തിൽ തെവാട്ടിയയെ പുറത്താക്കി റബാദയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 17 പന്തുകളിൽ നിന്നും 19 റൺസാണ് താരം നേടിയത്.
തെവാട്ടിയ പുറത്തായതിന് പിന്നാലെ മില്ലർ അർധസെഞ്ചുറി നേടി. 40 പന്തുകളിൽ നിന്നുമാണ് താരം തന്റെ പത്താം അർധസെഞ്ചുറി കുറിച്ചത്. അർധസെഞ്ചുറി നേടിയതിനു പിന്നാലെ ഗിയർ മാറ്റിയ മില്ലർ ആവേശ് ഖാന്റെ ഓവറിൽ തുടർച്ചയായി രണ്ട് സിക്സുകൾ പറത്തി. എന്നാൽ മൂന്നാം പന്തിൽ വീണ്ടും സിക്സടിക്കാൻ ശ്രമിച്ച മില്ലറുടെ ശ്രമം പാളി. പന്ത് നേരെ ലളിത് യാദവിന്റെ കൈകളിൽ. 43 പന്തുകളിൽ നിന്നും ഏഴ് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 62 റൺസ് നേടിയാണ് മില്ലർ പുറത്തായത്.
പിന്നാലെ ക്രീസിലെത്തിയ ഉനദ്കട് ക്രിസ് മോറിസിന് ഉറച്ച പിന്തുണ നൽകിയതോടെ കാഴ്ചവെച്ചതോടെ മത്സരം ആവേശത്തിലായി. 19-ാം ഓവർ എറിഞ്ഞ റബാദയുടെ രണ്ട് പന്തുകൾ സിക്സിന് പായിച്ച് മോറിസ് കളി അവസാന ഓവറിലേക്ക് നീട്ടിയെടുത്തു.
ടോം കറൻ എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 12 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ രണ്ട് റൺസ് നേടിയ മോറിസ് രണ്ടാം പന്തിൽ ഒരു പടുകൂറ്റൻ സിക്സ് നേടി. ഇതോടെ രാജസ്ഥാന് അവസാന നാലുപന്തിൽ നാല് റൺസ് എന്നതായി വിജയലക്ഷ്യം. എന്നാൽ മൂന്നാം പന്തിൽ റൺസൊന്നും നേടാനായില്ല. എന്നാൽ അടുത്ത പന്തിൽ സിക്സ് നേടി ക്രിസ് മോറിസ് തന്റെ ടീമിന് അവിശ്വസനീയമായ വിജയം സമ്മാനിച്ചു.
ക്രിസ് മോറിസ് 18 പന്തുകളിൽ നിന്നും നാല് സിക്സിന്റെ അകമ്പടിയോടെ 36 റൺസും ഉനദ്കട് 11 റൺസും നേടി പുറത്താവാതെ നിന്നു. ഡൽഹിയ്ക്കായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് വോക്സും കഗിസോ റബാദയും രണ്ട് വിക്കറ്റുകൾ വീതം നേടി. മത്സരത്തിൽ ശിഖർ ധവാൻ നാലു ക്യാച്ചുകൾ എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. തകർപ്പൻ പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ ബൗളർമാരാണ് ഡൽഹിയെ ചെറിയ സ്കോറിലൊതുക്കിയത്. അർധസെഞ്ചുറി നേടിയ നായകൻ ഋഷഭ് പന്ത് മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. തകർപ്പൻ പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ ബൗളർമാരാണ് ഡൽഹിയെ ചെറിയ സ്കോറിലൊതുക്കിയത്. അർധസെഞ്ചുറി നേടിയ നായകൻ ഋഷഭ് പന്ത് മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.
അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്സും ചേർന്നാണ് ഡൽഹിയെ മാന്യമായ സ്കോറിലെത്തിച്ചത്. ടോം കറൻ 21 റൺസും വോക്സ് 15 റൺസുമെടുത്തു. മത്സരത്തിൽ ഒരു സിക്സ് പോലും നേടാൻ ഡൽഹി ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല.
രാജസ്ഥാന് വേണ്ടി ജയ്ദേവ് ഉനദ്കട് നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റുകൾ വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ ക്രിസ് മോറിസ് ഒരു വിക്കറ്റ് സ്വന്തമാക്കി.