അമ്പലപ്പുഴ സറ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തെത്തി
ആലപ്പുഴ: അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മന്ത്രി ജി സുധാകരനെതിരെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ മന്ത്രിയെ പിന്തുണച്ച് സി പി എം ജില്ലാ നേതൃത്വം. സുധാകരൻ ആരേയും അവഹേളിച്ചിട്ടില്ലെന്നും പാർട്ടി മെമ്പറായ പേഴ്സണൽ സ്റ്റാഫ് അംഗം പരാതി നൽകേണ്ടത് പാർട്ടിക്കാണെന്നും ആർ നാസർ പറഞ്ഞു. അതേസമയം, കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.
മന്ത്രി ജി സുധാകരനെതിരെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നൽകുകയും നവ മാധ്യമങ്ങളിലൂടെ വ്യാപകമായി അത് പ്രചരിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തെ ഗൗരവതരമായി കാണുന്നുവെന്നാണ് ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചത്.
പാർട്ടി അംഗമായ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വേണുവിന് പരാതി ഉണ്ടായിരുന്നുവെങ്കിൽ പാർട്ടിയെയായിരുന്നു സമീപിക്കേണ്ടിയിരുന്നതെന്ന് നാസർ പറഞ്ഞു. സുധാകരൻ വ്യക്തിപരമായി ആരെയും അവഹേളിക്കുമെന്ന് കരുതുന്നില്ലെന്നും നാസർ പറഞ്ഞു.
അതേസമയം, അമ്പലപ്പുഴ സറ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
സി പി എമ്മിനുള്ളിൽ രൂക്ഷമാകുന്ന ചേരിപ്പോരിന്റെ ഭാഗമായാണ് പരാതിയെന്നാണ് വിലയിരുത്തൽ. പരാതി അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെയുള്ള പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നും ജി സുധാകരൻ പ്രതികരിച്ചു.