തീപിടിച്ച കാറിൽനിന്നു തങ്ങൾ ചാടിരക്ഷപ്പെട്ടെന്നും പിൻസീറ്റിലായിരുന്ന രങ്കരാജനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നുമാണു ജ്യോതിമണി പൊലീസിനു നൽകിയ മൊഴി.
തിരുപ്പൂർ: മൂന്നര കോടിയിലധികം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയും ബന്ധുവും ചേർന്ന് വ്യവസായിയെ കൊലപ്പെടുത്തി. കൈത്തറി വ്യവസായിയായ പെരുന്തുറ സ്വദേശി രംഗരാജൻ (62) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച കേസിൽ ഭാര്യ ജ്യോതിമണി (55), രംഗരാജന്റെ സഹോദരിയുടെ മകൻ രാജ (40) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും ചേർന്ന് കാറിനു തീയിട്ടാണ് രംഗരാജനെ കൊലപ്പെടുത്തിയത്. പതിനഞ്ച് ദിവസത്തോളം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രങ്കരാജൻ വീട്ടിലേക്കു മടങ്ങുമ്പോഴാണ് കാറിന് തീപിടിച്ചത്.
തീപിടിച്ച കാറിൽനിന്നു തങ്ങൾ ചാടിരക്ഷപ്പെട്ടെന്നും പിൻസീറ്റിലായിരുന്ന രങ്കരാജനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നുമാണു ജ്യോതിമണി പൊലീസിനു നൽകിയ മൊഴി. എന്നാൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് രങ്കരാജൻറെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്.
റോഡ് അരികിൽ നിർത്തിയ കാർ വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ തീപിടിച്ചെന്നായിരുന്നു മൊഴി. എന്നാൽ കാർ പെട്രോളൊഴിച്ചു കത്തിച്ചതായിചോദ്യം ചെയ്യലിൽ വ്യക്തമായി. ജ്യോതിമണിയെ അവകാശിയാക്കി രംഗരാജൻ 3 കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. ഇതു തട്ടിയെടുക്കാൻ അപകടം ആസൂത്രണം ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൈത്തറി യൂണിറ്റിനു പുറമേ റിയൽ എസ്റ്റേറ്റ് ഇടപാടു നടത്തിയിരുന്ന രംഗരാജന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതിനു പിന്നാലെ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റാണു കോയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.