കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1.5 ലക്ഷത്തിന് മുകളിലാണ്.
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,00,739 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി.
തുടർച്ചയായ ഒമ്പതാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മേലെ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1.5 ലക്ഷത്തിന് മുകളിലാണ്. ഇന്നലെയാണ് ആദ്യമായി രണ്ട് ലക്ഷത്തിന് മുകളിൽ പ്രതിദിന രോഗികളുടെ എണ്ണം എത്തുന്നത്.
ഇന്ത്യയിൽ സജീവ കോവിഡ് -19 കേസുകൾ 1,06,173 വർദ്ധിച്ച് 14,71,877 ആയി ഉയർന്നു. കോവിഡ് മുക്തമായവരുടെ എണ്ണം 1,24,29,564 ആണ്. ഇന്നലെ 1,038 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,73,123 ആയതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷമായത് 21 ദിവസം കൊണ്ടാണ്. എന്നാൽ ഇന്ത്യയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷമായത് 11 ദിവസം കൊണ്ടാണ്.
രാജ്യത്ത് കോവിഡ് പ്രതിദിനകണക്കിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് മഹാരാഷ്ട്രയാണ്. ആകെ കേസുകളിൽ നല്ലൊരു പങ്കും റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനത്ത് ഇന്നലെ 60,212 കേസുകളും 281 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പതിനഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ നിരോധനാജ്ഞ ഏർപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് അറിയിച്ചത്.
കേരളത്തില്‍ ഇന്നലെ 8778 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,39,52,957 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി.