രാജ്യത്ത് ഒറ്റദിവസത്തിനിടെ 1027 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിനകണക്ക് കൂടിയാണിത്
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗികളുടെ പ്രതിദിനക്കണക്കിൽ ഓരോ ദിവസവും റെക്കോഡ് വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിനംപ്രതി ഒരുലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി വ്യാപിച്ച ശേഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
രാജ്യത്ത് ഇതുവരെ 1,38,73,825 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,23,36,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 13,65,704 സജീവ കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നതാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു ഘടകം. കോവിഡ് നിയന്ത്രണവിധേയമായ ഒരുഘട്ടത്തിൽ രാജ്യത്തെ സജീവ കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ വൻ വര്‍ധനവാണുണ്ടായിരിക്കുന്നത്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഒറ്റദിവസത്തിനിടെ 1027 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിനകണക്ക് കൂടിയാണിത്. ഇതുവരെ ആകെ 1,72,085 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ ദൗത്യമാണ് രാജ്യത്ത് പുരോഗമിക്കുന്നത്. കണക്കുകൾ പ്രകാരം 1.1കോടിയിൽ അധികം ആളുകൾ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളും ഉയര്‍ത്തിയിട്ടുണ്ട്. 14ലക്ഷത്തിലധികം സാമ്പിളുകളാണ് കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 26,06,18,866 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.