ഐ പി എൽ ചരിത്രത്തിൽ അഞ്ചു തവണ ചാമ്പ്യൻ പട്ടം അലങ്കരിച്ചിട്ടുള്ള മുംബൈ ടീം ഇത്തവണ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്.
മുംബൈ: ഐ പി എല്ലിലെ അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നു മുംബൈ ഇന്ത്യൻസിനെ നേരിടും. വൈകീട്ട് 7.30 ന് ചെന്നൈയിലാണ് മത്സരം. ഐ പി എൽ ചരിത്രത്തിൽ അഞ്ചു തവണ ചാമ്പ്യൻ പട്ടം അലങ്കരിച്ചിട്ടുള്ള മുംബൈ ടീം ഇത്തവണ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ രണ്ടു വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഈ സീസണിലെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ അവസാന പന്തിലായിരുന്നു ബാംഗ്ലൂരിന്റെ ജയം.
എന്നാൽ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ ജയം നേടിക്കൊണ്ടാണ് ഓയിൻ മോർഗന്റെ നേതൃത്വത്തിലുള്ള കൊൽക്കത്ത ടീം ഇത്തവണ തുടങ്ങിയിരിക്കുന്നത്. നിതിഷ് റാണയുടെയും രാഹുൽ ത്രിപാടിയുടെയും അർദ്ധ സെഞ്ച്വറി മികവിലാണ് ടീം മികച്ച സ്കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് താരങ്ങൾക്ക് മധ്യ ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ കൊൽക്കത്തയുടെ ബൗളർമാർ പിശുക്ക് കാണിച്ചു. ഇതാണ് കളിയിൽ വഴിത്തിരിവായതും.
ആറ് തവണ പ്ലേ ഓഫിലും, രണ്ട് തവണ കിരീട നേട്ടത്തിലും എത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും താളം നഷ്ട്ടപ്പെട്ട ടീമാണ് കൊല്‍ക്കത്ത. 2016 മുതല്‍ തുടരെ മൂന്ന് കൊല്ലം പ്ലേ ഓഫ് കളിച്ച ടീം അവസാന രണ്ട് സീസണിലും ലീഗ് സ്റ്റേജില്‍ പുറത്തായി. ഗംഭീര്‍ പോയ ശേഷം താളം നഷ്ടപെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയില്‍ ഈ വര്‍ഷം വമ്പന്‍ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ആരാധകരും ആഗ്രഹിക്കുന്നില്ല.
യു എ ഇയില്‍ നടന്ന കഴിഞ്ഞ ഐ പി എല്‍ സീസണില്‍ ബാറ്റിങ്ങിന്റെ എല്ലാ മേഖലകളിലും താളം നഷ്ടപ്പെട്ട ടീമായിരുന്നു കൊല്‍ക്കത്ത. നല്ലൊരു ഓപ്പണിങ് കോമ്പിനേഷന്‍ കണ്ടെത്തുന്നതിനും, സന്തുലിതമായ മധ്യ നിരയെ ഉണ്ടാക്കുന്നതിനും, മികച്ച ഒരു ഫിനിഷറെ കണ്ടെത്താനും ടീമിന് സാധിച്ചിരുന്നില്ല. എന്നാൽ ആദ്യ മത്സരത്തിലൂടെ നിതിഷ് റാണ ഓപ്പണിങ്ങിന്റെ കാര്യത്തിൽ തീരുമാനം ഉറപ്പിച്ചു കഴിഞ്ഞു. സുനിൽ നരൈൻ, ആൻഡ്രേ റസൽ, ഷക്കിബ് അൽ ഹസൻ, ഹർഭജൻ സിംഗ് എന്നിവരുടെ ഓൾ റൗണ്ടർ പ്രകടനവും ടീമിന് മുതൽക്കൂട്ടാണ്.
തുടർച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത്തും കൂട്ടരും വന്നിരിക്കുന്നത്. ക്രിക്കറ്റ് രംഗത്തെ ഒട്ടേറെ പ്രമുഖരും മുംബൈ ടീമിൽ വിശ്വാസമർപ്പിക്കുന്നുണ്ട്. കിരീട സാധ്യത ഏറ്റവും അധികം ഉള്ള ടീമെന്ന് അവർ വിലയിരുത്തുന്നതും മുംബൈ ടീമിനെ തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്ത ക്രിസ് ലിന്നിന് പകരം ഡീ കോക്ക് രോഹിത് ശർമയ്ക്കൊപ്പം ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കണക്കുകളുടെ കാര്യത്തിൽ മുംബൈ ടീം വൻ ആധിപത്യം കാണിക്കുന്നുണ്ട്. ഇരു ടീമുകളും ഇതുവരെ നേർക്കുനേർ വന്നപ്പോൾ 27 കളികളിൽ ആറ് മൽസരങ്ങളിൽ മാത്രമാണ് കൊൽക്കത്ത ജയിച്ചിട്ടുള്ളത്. അവസാനം നേർക്കുനേർ വന്ന 12 മത്സരങ്ങളിൽ 11ലും മുംബൈയാണ് ജയിച്ചത്