ഐപിഎല്ലിൽ തൻ്റെ മൂന്നാം സെഞ്ചുറി കുറിച്ച സഞ്ജു ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി.
ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിൽ വിജയത്തിന് അരികെ വീണ് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസ്. 222 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനെ ഒറ്റക്ക് തോളിലേറ്റിയ സഞ്ജുവിന് പക്ഷേ തൻ്റെ ടീമിനെ വിജയതീരത്ത് എത്തിക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചില്ല. മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു അവസാന പന്തിലാണ് പുറത്തായത്. ഫലത്തിൽ പഞ്ചാബിന് നാല് റൺസിൻ്റെ വിജയം. ജയ പരാജയങ്ങൾ ഇരുവശത്തേക്കും മാറി മറിഞ്ഞ ആവേശകരമായ മത്സരത്തിൽ അവസാന ചിരി പഞ്ചാബ് കിങ്സിൻ്റേതായി.
ക്യാപ്റ്റൻമാർ നിറഞ്ഞാടിയ മത്സരത്തിൽ വിജയം പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലിനൊപ്പം നിന്നു. സെഞ്ചുറി നഷ്ട്ടമായെങ്കിലും വിജയം നേടാനായി എന്നത് രാഹുലിന് സന്തോഷം നൽകുന്ന കാര്യമാവും. മറുവശത്ത് തകർത്ത് കളിച്ചിട്ടും തൻ്റെ ടീമിന് വിജയം നേടി കൊടുക്കാനായില്ല എന്നത് സഞ്ജുവിന് നിരാശ നൽകും. പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസൺ 63 പന്തുകളിൽ നിന്ന് ഏഴ് സിക്സും 12 ഫോറുമടക്കം 119 റൺസെടുത്തു. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ സിക്സിന് ശ്രമിച്ച സഞ്ജു പുറത്താകുകയായിരുന്നു. ഐപിഎല്ലിൽ തൻ്റെ മൂന്നാം സെഞ്ചുറി കുറിച്ച സഞ്ജു ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി.
നേരത്തെ പഞ്ചാബ് ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് തുടക്കത്തിൽ തന്നെ അടിയേറ്റു. ഓപ്പണർ ആയി ഇറങ്ങിയ ബെൻ സ്റ്റോക്സിനെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഷമി മടക്കി. സ്കോർ 25-ൽ എത്തിയപ്പോൾ മനൻ വോറയും (12) പുറത്തായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച സഞ്ജുവും ജോസ് ബട്ട്ലറും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. 13 പന്തിൽ നിന്ന് അഞ്ചു ഫോറടക്കം 25 റൺസെടുത്ത ബട്ട്ലറെ പുറത്താക്കി ജേ റിച്ചാർഡ്സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ ശിവം ദുബെയുമൊത്ത് സഞ്ജു 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 പന്തിൽ നിന്ന് മൂന്നു ബൗണ്ടറിയടക്കം 23 റൺസെടുത്ത ദുബെ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ പുറത്താകുകയായിരുന്നു.
ദുബെ പുറത്തായതിനു പിന്നാലെയെത്തിയ റിയാൻ പരാഗ് പഞ്ചാബ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. 11 പന്തിൽ നിന്ന് മൂന്നു സിക്സും ഒരു ഫോറുമടക്കം 25 റൺസെടുത്ത പരാഗ്, സഞ്ജുവിനൊപ്പം 52 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പുറത്തായത്. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടു വിക്കറ്റെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് സ്കോര്‍ 22ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ (14) നഷ്ടമായി. ചേതന്‍ സക്കറിയക്ക് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആദ്യ വിക്കറ്റ്. പിന്നാലെ ക്രീസില്‍ ഒന്നിച്ച രാഹുലും ക്രിസ് ഗെയ്ലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 28 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 40 റണ്‍സെടുത്തു തകര്‍ത്തടിച്ച് മുന്നേറുക യായിരുന്ന ഗെയ്ലിനെ പുറത്താക്കി റിയാന്‍ പരാഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ഐ.പി.എല്ലില്‍ 350 സിക്സറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും താരം ഇതിനിടയില്‍ സ്വന്തമാക്കി. ഗെയ്ല് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ രാജസ്ഥാന് ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. രാജസ്ഥാന് ബൗളര്‍മാരായ ശ്രേയസ് ഗോപാലും ശിവം ദൂബേയുമാണ് താരത്തിന്റെ ബാറ്റിന്റെ ചൂട് ശെരിക്കും അറിഞ്ഞത്. രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു എട്ട് ബൗളര്‍മാരെയാണ് പന്തെറിയാന്‍ ഏല്‍പ്പിച്ചത്.
മൂന്നാം വിക്കറ്റില്‍ രാഹുല്‍ – ഹൂഡ സഖ്യം 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തുകള്‍ നേരിട്ട ഹൂഡ ആറു സിക്സും നാലു ഫോറുമടക്കം 64 റണ്‍സെടുത്തു. ഹൂഡ പുറത്തായ ശേഷമെത്തിയ നിക്കോളാസ് പുരന് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. രാജസ്ഥാന് വേണ്ടി ചേതന്‍ സകരിയ മൂന്നും ക്രിസ് മോറിസ് രണ്ടു വിക്കറ്റും വീഴ്ത്തി.