മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളത്. നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അനധികൃത നിയമന വിവാദത്തിലുൾപ്പെട്ട് മന്ത്രി കെ.ടി.ജലീൽ രാജിവച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് യോഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല. അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും ആരോപിക്കുന്നു. നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പിംഗ്ലർ ഇടപാടും ആഴക്കടൽ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്.
എന്നാൽ പിടിക്കപ്പെടുമ്പോൾ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയൻ ഉയർത്താറുള്ളത്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീൽ രാജിവെച്ചതു കൊണ്ടു മാത്രം ഈ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഇടതു സർക്കാരിന് സാധിക്കില്ല എന്നും സുരേന്ദ്രൻ പറയുന്നു. ബന്ധുവിനെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് മന്ത്രി ബാലൻ ചോദിക്കുന്നത്. ഭാര്യമാരെ പിൻവാതിലിലൂടെ നിയമിക്കുന്ന സി.പി.എമ്മിന്റെ നേതാക്കൾക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്നും ബിജെപി അധ്യക്ഷൻ പരിഹസിച്ചു.
നിയമന വിവാദത്തിൽ ലോകയുക്ത ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കെ. ടി ജലീൽ രാജിവെച്ചത്. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയെന്ന വിവരം ജലീൽ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
“ജലീൽവേട്ടക്ക്” തൽക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിൻ്റെയും ചീഞ്ഞമുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുൽസിത തന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും തുടർന്നുകൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ. എന്ന് പറഞ്ഞാണ് ദീർഘമായ കുറിപ്പ് അവസാനിക്കുന്നത്.