ഹോട്ടലുകളിൽ കൂടുതലും പാഴ്സലുകൾ നൽകണം. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവു.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊതുപരിപാടികളിൽ, വിവാഹം, ഉത്സവങ്ങൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകൾക്ക് നിയന്ത്രണം. ഹോട്ടലുകൾ ഉൾപ്പെടെയുള്ള എല്ലാ കടകളും രാത്രി ഒൻപത് മണിവരെയെ പ്രവർത്തിക്കാവു.
കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പുറത്ത് വച്ച് നടത്തുന്ന പൊതുപരിപാടികളിൽ 200 പേരും, ഹാളുകൾ ഉൾപ്പെടെയുള്ള അടച്ചിട്ട മുറിയിൽ നടക്കുന്ന പരിപാടികളിൽ 100 പേരും മാത്രമെ പങ്കെടുക്കാവു. രണ്ട് മണിക്കൂർ മാത്രമെ പരിപാടികൾ നടത്താവു. വിവാഹം, ഉത്സവം ഉൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. വിവാഹത്തിന് ഭക്ഷണം പാഴ്സൽ നൽകണം.
ഹോട്ടലുകളിൽ കൂടുതലും പാഴ്സലുകൾ നൽകണം. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവു. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകു. ആർടിപിസിആർ പരിശോധന കൂടുതലാക്കും. മറ്റ് രോഗങ്ങൾക്ക് രോഗികൾ ആശുപത്രിയിൽ എത്തുന്നത് കുറയ്ക്കണം.
ഡോക്ടറുടെ കൺസൾട്ടിംഗിന് ഓൺലൈൻ സംവിധാനമായ ഇ സഞ്ജീവനി പ്രയോജനപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ നിർദ്ദേശമുയർന്നു. പഞ്ചായത്ത് തല പ്രതിരോധം ശക്തമാക്കാനും ക്വാറന്റീൻ ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഉള്‍പ്പെടെ സംസ്ഥാനത്തെ വാക്സിന് ക്ഷാമം പരിഹരിക്കാന്‍ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തും. കൂടുതൽ വാക്സിൻ സ്റ്റോക്കുള്ള ജില്ലകളിൽ നിന്ന് ക്ഷാമം നേരിടുന്ന ജില്ലകളിൽ വാക്സിൻ എത്തിക്കാനാണ് തീരുമാനം. കോവിഡ് കോൺടാക്ട് ട്രേയ്സിംഗ്, ക്വാറന്റീൻ എന്നിവ ശക്തമാക്കാൻ കോവിഡ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗത്തിലും തീരുമാനമായി.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം മാത്രം 5692 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് കഴിഞ്ഞ ദിവസത്തെ ജില്ലകളിലെ കോവിഡ് കണക്ക്.
24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,14,258 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി.