ലോറിയുടെ ഡ്രൈവറും ക്ലീനറും വളവനാട്ടുനിന്ന് നാൽപതോളം കിലോമീറ്റർ പിന്നിട്ട് തൃക്കുന്നപ്പുഴയിൽ എത്തിയ ശേഷമാണ് മനുവിനെ കാണാതായെന്ന് അറിഞ്ഞത്.
ആലപ്പുഴ: ലോറിയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം. റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ മറ്റൊരു ലോറി പാഞ്ഞുകയറുകയായിരുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17ാം വാർഡിൽ പല്ലന തൈവയ്പ്പിൽ വീട്ടിൽ പരേതനായ മണിയന്റെ മകൻ മനു (37) ആണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെ ദേശീയപാതയിൽ വളവനാട് കോൾഗേറ്റ് ജംക്ഷനിൽ ആയിരുന്നു അപകടം. കോൺക്രീറ്റ് സ്ലാബ് നിർമാണ തൊഴിലാളിയായ മനുവും മറ്റു രണ്ടുപേരും ജോലി കഴിഞ്ഞ് പൊന്നാനിയിൽനിന്ന് മിനിലോറിയിൽ തൃക്കുന്നപ്പുഴയിലേക്ക് വരുമ്പോഴായിരുന്നു അപകടം.
തൊഴിൽ ഉപകരണങ്ങൾ കയറ്റിയ ലോറിയുടെ പിന്നിൽ മനു മാത്രമായിരുന്നു ഇരുന്നത്. മറ്റുള്ളവർ മുന്നിലായിരുന്നു ഇരുന്നത്. ലോറിയുടെ ഡ്രൈവറും ക്ലീനറും വളവനാട്ടുനിന്ന് നാൽപതോളം കിലോമീറ്റർ പിന്നിട്ട് തൃക്കുന്നപ്പുഴയിൽ എത്തിയ ശേഷമാണ് മനുവിനെ കാണാതായെന്ന് അറിഞ്ഞത്. ആലപ്പുഴ ഭാഗത്തേക്കുവന്ന സ്വകാര്യ കൊറിയർ സർവീസ് വാൻ ഡ്രൈവർ, മനു റോഡിൽ കിടക്കുന്നത് കാണാതെ ശരീരത്തിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെ കാറിൽ വന്ന ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ഈ ദൃശ്യം കണ്ട് വാൻ തടഞ്ഞുനിർത്തുകയായിരുന്നു. മനുവിന്റെ ശരീരം വാനിന്റെ ചക്രങ്ങളിലും യന്ത്രഭാഗങ്ങളിലുമായി കുടുങ്ങി പുറത്തെടുക്കാൻ കഴിയാത്ത നിലയിലായിരുന്നു.
ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. മരിച്ചത് ആരെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. അപകടം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. തൊട്ടടുത്ത സ്വകാര്യസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അപകടം സംബന്ധിച്ചു വിവരങ്ങൾ ലഭിച്ചത്. ഇതെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചത് ആരെന്ന് വ്യക്തമായത്.
മനു അവിവാഹിതനാണ്. വിമലയാണ് മനുവിന്റെ അമ്മ. സഹോദരങ്ങൾ: സിനി (അങ്കണവാടി ഹെൽപർ), പരേതരായ മിനി, സുനിൽ.
ഗുണ്ടാനേതാവും രണ്ട് കൊലപാതകം ഉൾപ്പെടെ 25ലേറെ കേസുകളിൽ പ്രതിയുമായ പുന്നമട അഭിലാഷ് (42) മർദനമേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 12.15ന് ആലപ്പുഴ കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. അഭിലാഷിന്റെ സംഘത്തിലെ മുൻഅംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാൾ വീടുകയറി ആക്രമിക്കുകയായിരുന്നു.
മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള് ജീവൻ ഉണ്ടായിരുന്നെങ്കിലും ഏതാനും സമയത്തിനകം മരിച്ചു. നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ 2 കൊലപാതകക്കേസുകളിൽ പ്രതിയാണ് അഭിലാഷ്. പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളുണ്ട്. കൈനകരിയിൽ അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞ് നിൽക്കുകയായിരുന്നു.
കുട്ടനാട്ടിൽ മാത്രം അഭിലാഷിനെതിരെ 15 കേസുണ്ട്. കൈനകരി ബോട്ട് ജെട്ടിയിൽ തൊഴിലാളികളെ ആക്രമിച്ച കേസിൽ ഈയിടെ പൊലീസ് അഭിലാഷിനെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടനാട്ടിൽ ഷൂട്ടിങ് നടത്തിയ സിനിമാ സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണ്.