നോമ്പുകാലത്ത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ, ശരിയായ അളവിൽ പോഷകങ്ങൾ ആവശ്യമാണ്. അതിനാൽ, ശരീരത്തിന് ഊർജ്ജം പകരുന്ന ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്
ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ മാസമാണ് റമദാൻ. ലോകമെമ്പാടുമുള്ള മുസ്ലീം വിഭാഗക്കാർ ഈ മാസത്തിൽ പുലർച്ചെ മുതൽ സന്ധ്യ വരെ നോമ്പ് അനുഷ്ഠിക്കും. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിക്കാതെയാണ് നോമ്പ് അനുഷ്ഠിക്കുന്നത്. അന്നേ ദിവസത്തെ ആദ്യത്തെ ഭക്ഷണമായ സുഹൂർ സൂര്യോദയത്തിനു മുമ്പ് കഴിക്കും. സൂര്യാസ്തമയത്തിന് ശേഷം ഇഫ്താറും.
നോമ്പുകാലത്ത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ, ശരിയായ അളവിൽ പോഷകങ്ങൾ ആവശ്യമാണ്. അതിനാൽ, ശരീരത്തിന് ഊർജ്ജം പകരുന്ന ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് വഴി ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയാൻ ഇത് സഹായിക്കും. നോമ്പ് ദിവസങ്ങളിൽ നിങ്ങൾ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ:
സുഹൂർ
ഒരു ദിവസം ആരംഭിക്കുന്ന ആദ്യത്തെ ഭക്ഷണമാണ് സുഹൂർ അഥവാ സെഹ്രി എന്നതിനാൽ ധാരാളം ധാന്യങ്ങളും നാരുകളുമടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തണം. അന്നജം അടങ്ങിയ ഭക്ഷണത്തിനൊപ്പം ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണം കൂടി ഉൾപ്പെടുത്തണം. പാലിലുണ്ടാക്കിയ ഓട്സ് കൂടുതൽ എനർജി നൽകുന്ന ഭക്ഷണമാണ്. ഇതിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടാകും. രുചി കൂട്ടാനായി അണ്ടിപ്പരിപ്പ്, പഴങ്ങൾ എന്നിവ ചേർക്കാവുന്നതാണ്.
ചോറും ചപ്പാത്തിയും ധാരാളം നാരുകളും അന്നജവും അടങ്ങിയ ഭക്ഷണമാണ്. കാൽസ്യം, അയഡിൻ, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങള് തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ദിവസത്തേയ്ക്ക് ആവശ്യമായ മുഴുവൻ ഊർജവും നൽകാൻ ഇത് സഹായിക്കും. ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ, സ്ട്രോബെറി, പീച്ച്, ഓറഞ്ച്, തക്കാളി, വെള്ളരി, ചീര, സെലറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനും മറക്കരുത്. ബദാം, വാൽനട്ട്, ഒരു ഗ്ലാസ് പാൽ എന്നിവയും ശരീരത്തിന്റെ ഊർജം നിലനിർത്തുന്ന ഭക്ഷണങ്ങളാണ്.
ഇഫ്താർ
നഷ്ടപ്പെട്ട ഊർജ്ജം വീണ്ടും നിറയ്ക്കാൻ നീണ്ട മണിക്കൂറുകളുടെ ഉപവാസത്തിനുശേഷം ലഭിക്കുന്ന സമയമാണിത്. ഒരു നോമ്പ് ദിനത്തിലെ രണ്ടാമത്തെ ഭക്ഷണമാണ് ഇഫ്താർ. പരമ്പരാഗതമായി, ഈന്തപ്പഴം ഉപയോഗിച്ചാണ് ആളുകൾ നോമ്പ് മുറിക്കുന്നത്. സൂപ്പ്, ബിരിയാണി, കബാബ് എന്നിവയുൾപ്പെടെയുള്ളവും വിവിധ പലഹാരങ്ങളും നോമ്പ് മുറിച്ച ശേഷം കഴിക്കാം. ബ്രെഡ്, ബ്രൌൺ റൈസ്, ഇറച്ചി, ചിക്കൻ, മത്സ്യം, മുട്ട, പയറുവർഗ്ഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ കൂടുതൽ ഊർജം നിലനിർത്താൻ സഹായിക്കും. കൂടുതൽ ഉപ്പിട്ടതും മസാലകൾ ചേർക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
ഈ വർഷം ഏപ്രിൽ 13 മുതൽ റമദാൻ തുടങ്ങുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. 30 ദിവസത്തെ നോമ്പ് കർമ്മം അവസാനിച്ചാൽ മെയ് 13 നായിരിക്കും ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുക. എന്നാൽ പിറ കാണുന്നതിനനുസരിച്ച് ഈ തിയതികളിൽ മാറ്റം ഉണ്ടായേക്കാം.