ജില്ലയിൽ ഇതുവരെ എട്ട് പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയും രണ്ടുപേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. നൂൽപ്പുഴയിലെ പിലാക്കാവ് കോളനിയിലെ ആറുവയസുകാരിയാണ് ഷിഗല്ല ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചത്. മരണ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 15 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ച ചീരാൽ സ്വദേശി 59-കാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പനിയും വയറിളക്കവും ആണ് പ്രധാന ലക്ഷണങ്ങൾ.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തുക, പഴകിയ ആഹാരസാധനങ്ങൾ കഴിക്കാതിരിക്കുക, ആഹാരസാധനങ്ങൾ ഈച്ച കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക, ഭക്ഷണത്തിനു മുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങൾ.
രോഗ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റിന് തയ്യാറാകണം
ജില്ലാ മെഡിക്കൽ ഓഫീസർ
കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളുമായി സമ്പർക്കമുണ്ടായവരും ടെസ്റ്റ് നടത്താൻ സ്വമേധയാ മുന്നോട്ടു വരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.
രോഗം സ്ഥിരീകരിക്കുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കിയാൽ ഗുരുതരമാക്കുന്നത് തടയാനും മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാനും സാധിക്കും. ഈ മഹാമാരിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം. മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, അർഹരായവർ വാക്സിൻ സ്വീകരിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ എല്ലാവരും സ്വീകരിക്കണം.