കൊട്ടാരക്കര : കസ്റ്റഡിയില്‍ എടുത്ത വാഹനം തിരികെ വാങ്ങാനെത്തിയ അച്ഛനെയും മകനെയും പൊലീസ് മര്‍ദിച്ചതായി പരാതി. പരുക്കേറ്റ ഇരുവരേയും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കണ്ണമംഗല്‍ സ്വദേശികളായ ശശിക്കും മകന് ശരത്തിനുമാണ് പൊലീസ് മര്‍ദനമേറ്റത്.
രണ്ട് ദിവസം മുമ്പ് ശരത്തിന്റെ ബൈക്കും മറ്റൊരു ഇരുചക്ര വാഹനവും തമ്മില്‍ മുട്ടിയിരുന്നു. പൊലീസ് കൊണ്ടുപോയ ബൈക്ക് തിരികെ വാങ്ങാനാണ് ശരത്തും പിതാവ് ശശിയും കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് കൈകൂലി ആവശ്യപ്പെട്ടതായും നല്‍കാത്തതിലുള്ള വിരോധം മൂലം മര്‍ദിച്ചതായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശരത്.
ശരത്തിന്റെ പിതാവ് ശശിയെ കരണത്തടിക്കുകയും ജാതിപ്പേര് വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയുണ്ട്. ശശിയെ സംഘം ചേര്‍ന്ന് പൊലീസ് മര്‍ദിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് ശരത്തിനെ വീണ്ടും മര്‍ദിച്ചു. ആരോപണം അസത്യമെന്നായിരുന്നു കൊട്ടാരക്കര പൊലീസിന്റെ പ്രതികരണം.