ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ നിരവധി റെക്കോഡുകളാണ് കേരള രാഷ്ട്രീയത്തിൽ കെഎം മാണിയുടെ പേരിനൊപ്പമുള്ളത്.
തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ അമരക്കാരനും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ വിയോഗത്തിന് ഇന്ന് രണ്ടാണ്ട്. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ്, മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്ക് എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് കെ.എം മാണിയുടെ പേരിനൊപ്പം രാഷ്ട്രീയ കേരളം ചാർത്തിക്കൊടുത്തിരിക്കുന്നത്. പാലായുടെ മാണിക്യമെന്നാണ് തെരഞ്ഞെടുപ്പുകളിൽ മാണിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വിയോഗശേഷം പാലാ കൈവിട്ടതും കേരള കോൺഗ്രസ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയതുമെല്ലാമാണ് വർത്തമാനകാല രാഷ്ട്രീയം.
1965 മുതല്‍13 തവണയാണ് പാലായിൽ നിന്നും കെഎം മാണി നിയമസഭയിലെത്തിയത്. അതും ഒരു തവണ പോലും പരാജയപ്പെടാതെ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ നിരവധി റെക്കോഡുകളാണ് കേരള രാഷ്ട്രീയത്തിൽ കെഎം മാണിയുടെ പേരിനൊപ്പമുള്ളത്.
കര്‍ഷക തൊഴിലാളി പെൻഷൻ മുതല്‍ കാരുണ്യ ലോട്ടറി വരെ കെഎം മാണിയുടെ ജനപ്രിയ പദ്ധതികളായിരുന്നു.
കേരള കോൺഗ്രസിലെ പിളർപ്പുകൾക്കും സൈദ്ധാന്തിക വിശദീകരണം നൽകിയ നേതാവ് കൂടിയായിരുന്നു കെ.എം മാണി. പിളരും തോറും വളരുന്ന പാര്‍ട്ടി എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 1977 മുതല്‍ തുടങ്ങിയ പിളര്പ്പുകളില് ഏറ്റവും അധികം അണികളും മാണിക്കൊപ്പമായിരുന്നു. അവസാനകലത്ത് നിരവധി വിവാദങ്ങളിൽ പേരു ചേർക്കപ്പെട്ടെങ്കിലും അതിൽ നിന്നെല്ലാം മോചിതനാകാനും കെ.എം മാണിക്ക് കഴിഞ്ഞു. ശ്വാസകോശത്തിലെ അണുബാധ ഏറെ മൂർഛിക്കുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതിനെ തുടർന്ന് 2019 ഏപ്രിൽ ഒൻപതിനാണ് കെ.എം മാണി അന്തരിച്ചത്.
കെ.എം. മാണിയെന്നാൽ പാലായും പാലായെന്നാൽ കെ.എം.മാണിയുമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ചരിത്രം. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞടുപ്പിൽ കേരള കേൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടു. അങ്ങനെ കെ.എം മാണിയുടെ അഭാവത്തിൽ പാലാ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. എന്നാൽ ആ രാഷ്ട്രീയമാറ്റം അവിടെയും അവസാനിച്ചില്ല. പി.ജെ ജോസഫുമായി വഴിപിരിഞ്ഞ കെ.എം മാണിയുടെ മകൻ ജോസ് കെ മാണിയും കേരള കോൺഗ്രസ് എമ്മും ഇടതു പാളയത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജോസ് കെ. മാണി മുന്നണി രാഷ്ട്രീയത്തിലെ കരുത്തനാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.