മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍: തന്നെ ‘ക്യാപ്റ്റന്‍’ എന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആളുകളുടെ താല്പര്യത്തിന് അനുസരിച്ച് പലതും വിളിക്കും. ‘ക്യാപ്റ്റന്‍’ വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാന്‍ പോകുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിശേഷണം നല്‍കുന്നത് വ്യക്തികളാണ്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇനി മല്‍സരിക്കാനില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവന അഭിപ്രായപ്രകടനം മാത്രമാണ്. വിനോദിനിയുടെ ഐ ഫോൺ പണം കൊടുത്തു വാങ്ങിയതാണെന്നും കോടിയേരി ബാലകൃഷ്ണൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി കേരളത്തിൽ പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ക്യാപ്റ്റൻ എന്ന പ്രയോഗം പാർട്ടി മുന്നോട്ട് വെച്ചതല്ല. ജനങ്ങൾ ആണ് അത്തരം പ്രയോഗങ്ങൾ നടത്തുന്നത്. ജനകീയ ഇടപെടലിന്റെ ഭാഗമായി കണ്ടാൽ മതി. പാർട്ടിയും എൽഡിഎഫും എടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും കോടിയേരി വിശദീകരിച്ചു. ബോംബ് ബോംബ് എന്ന് കുറെ ആയി പറയുന്നു. അങ്ങനെ പറയുന്നവര്‍ ഇപ്പോൾ ചില പടക്കങ്ങൾ പൊട്ടിട്ടിച്ച് തുടങ്ങിയിട്ടുണ്ട്. ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം പേടിക്കില്ല. ഒന്നും ഫലിക്കാത്തതു കൊണ്ട് ഇപ്പോൾ പ്രതിക്ഷം പൂഴിക്കടകൻ പ്രയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
വിനോദിനി ഉപയോഗിക്കുന്നത് വില കൊടുത്ത് വാങ്ങിയതാണ്. ആരോപണങ്ങൾ വന്നാൽ പകച്ച് വീട്ടിൽ പനി പിടിച്ചു കിടക്കാൻ ഞങ്ങളെ കിട്ടില്ല. ഇനിയും ആരോപണം വന്നേക്കാം. വന്നാൽ അതും നേരിടും. വിനോദിനിക്ക് കസ്റ്റംസ് നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
തലശ്ശേരിയിൽ വോട്ട് കച്ചവടം പതിവാണ്. ഒരു വിഭാഗം വോട്ട് യുഡിഎഫിന് ചെയ്യുന്ന ശീലം തലശ്ശേരിയിലുണ്ട്. അന്ധമായ മാർക്സിസ്റ്റ് വിരോധം ബിജെപിയും അത് മുതലെടുക്കാൻ യുഡിഎഫും ശ്രമിക്കുന്നതിന്റെ ഫലമായാണ് തലേശേരിയിലെ ധാരണയെന്നും കോടിയേരി പറഞ്ഞു. ഇനി മത്സരിക്കാനില്ലെന്ന ഇ പി ജയരാജന്റെ നിലപാട് വ്യക്തിപരമാണ്. എന്നാൽ പാർട്ടിയാണ് ഇക്കാര്യത്തിൽ എല്ലാം തീരുമാനം എടുക്കുക.