രണ്ട് ഭാഗങ്ങളായാണ് മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. ഒരു ഭാഗം ഫ്രിഡ്ജിലായിരുന്നു
ഹൈദരാബാദിലെ ബൊർബാനഡയിൽ യുവാവിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. കാർമിക നഗർ സ്വദേശി മുഹമ്മദ് സിദ്ദീഖ് അഹമ്മദ് (38) എന്നയാളെയാണ് സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തയ്യൽ തൊഴിലാളിയാണ് സിദ്ദീഖ് അഹമ്മദ്. ഇദ്ദേഹത്തിന്റെ വീട്ടിൽ അടുക്കളിയിലുള്ള ഫ്രിഡ്ജിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം വാടകയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
ഭാര്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ഇവർ ശ്രീറാം നഗറിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച സിദ്ദീഖ് അഹമ്മദിന്റെ വീട്ടുട പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സിദ്ദീഖ് അഹമ്മദിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ദുരൂഹതയുണ്ടെന്നും പറഞ്ഞായിരുന്നു വീട്ടുടമ പൊലീസിനെ വിളിച്ചത്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.
സിദ്ദീഖിന്റെ തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് അടിയേറ്റതായി എസിപി എം സുദർശനൻ വ്യക്തമാക്കി. പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, സിദ്ദീഖിനെ അജ്ഞാതനായ അക്രമി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലയിൽ അടിച്ച് കൊല്ലുകയും ഇതിനു ശേഷം വീട് പുറത്ത് നിന്ന് പൂട്ടി കടന്നുകളയും ചെയ്തെന്നാണ്.
സിദ്ദീഖിന്റെ വീട്ടിൽ പൊലീസ് എത്തുമ്പോൾ മൃതദേഹം രണ്ട് കഷ്ണമാക്കിയ നിലയിലായിരുന്നു. തലയുൾപ്പെടെയുള്ള ശരീരത്തിന്റെ മുകൾ ഭാഗം ഫ്രിഡ്ജിനകത്തായിരുന്നു കണ്ടെത്തിയത്. തുണി ഉപയോഗിച്ച് മുഖം കെട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സിദ്ദീഖ് വ്യാഴാഴ്ച്ച രാത്രി 12:13 ന് വീട്ടിനുള്ളിൽ കയറിപ്പോകുന്നത് കാണാം. പിന്നീട് ഇയാൾ പുറത്ത് ഇറങ്ങിയിട്ടില്ല. ഇതിന് ശേഷമാകാം കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. രാവിലെ 5 മണിയോടെ ഒരാൾ സിദ്ദീഖിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും കാണാം. ഇയാളായിരിക്കാം കൊലപാതകം നടത്തിയത് എന്നാണ് കരുതുന്നത്.
സിദ്ദീഖിന്റെ ഫോൺ രേഖകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.