കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രിയങ്ക ഗാന്ധിയടക്കം അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരെല്ലാം ക്വാറന്റീനിലേക്ക് മാറി. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കിടയിലാണ് കോവിഡ് മൂലമുള്ള പ്രിയങ്ക ഗാന്ധിയുടെ പിന്മാറ്റം.
നേമത്തെ പ്രചാരണം റദ്ദാക്കിയതായി പ്രിയങ്ക അറിയിച്ചു. അസമിലും, തമിഴ്നാട്ടിലുമുള്ള പ്രചാരണത്തിലും പ്രിയങ്ക പങ്കെടുക്കില്ല. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രചരണ പരിപാടികൾ റദ്ദാക്കിയ കാര്യം പ്രിയങ്ക അറിയിച്ചത്.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ തുടരാൻ തീരുമാനിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി വീഡിയോയിൽ വ്യക്തമാക്കി.
ഡോക്ടർമാരുടെ നിർദേശപ്രകാരം അടുത്ത കുറച്ച് ദിവസത്തേക്ക് താൻ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നും എല്ലാവർക്കുമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും
നാളെയായിരുന്നു പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചരണത്തിന് എത്തേണ്ടിയിരുന്നത്. അസമിൽ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി തീരുമാനിച്ചിരുന്നു. നാളെ തമിഴ്നാട്ടിലേക്കും വൈകീട്ടോടെ തിരുവനന്തപുരത്തേക്കും എത്താനായിരുന്നു പദ്ധതി. തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലായിരുന്നു പ്രചരണ പരിപാടി തീരുമാനിച്ചിരുന്നത്.
രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍. പരസ്യപ്രചരണം അവസാനിക്കാനിരിക്കേ പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത പിന്മാറ്റം കോൺഗ്രസിന് ക്ഷീണമാകും.
ഏപ്രിൽ ആറിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് രണ്ടിനും നടക്കും.