അസുഖം മൂർഛിച്ചതോടെയാണ് വ്യാഴാഴ്ച രാവിലെ എല്ലാപരിപാടികളും മാറ്റിവെച്ച് മകനെയുമെടുത്ത് എം ജി കണ്ണനും ഭാര്യ സജിതാമോളും തിരുവനന്തപുരത്തേക്ക് തിരിച്ചത്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെക്കാള്‍ വലിയചൂട് ഈ സ്ഥാനാർഥിയുടെ നെഞ്ചിലാണ്. വോട്ടുതേടലിന് അവധികൊടുത്ത് തിരുവനന്തപുരത്തെ ആര്‍സിസിയുടെ വരാന്തയില്‍ അടൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം ജി കണ്ണന് ഇരുന്നു. ഒമ്പതുവയസ്സുകാരന് മകന് ശിവകിരണിന്റെ ചികിത്സയ്ക്കായാണ് പ്രചാരണത്തിരക്കുകള്‍ മാറ്റിവെച്ച് കണ്ണന് ആര് സി സിയിലെത്തിയത്. മൂന്നരവര്‍ഷമായി ശിവകിരണ്‍ ആര്‍സിസിയില്‍ ചികിത്സയിലാണ്. ആദ്യ രണ്ടുവര്‍ഷം തുടര്‍ച്ചയായി തിരുവനന്തപുരത്ത് താമസമാക്കിയായിരുന്നു ചികിത്സ.
പുരോഗതിയുണ്ടായതോടെ മൂന്നുമാസത്തിലൊരിക്കലായി പരിശോധന. പ്രചാരണപരിപാടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ കണ്ണന് തിരക്കിന് നടുവിലായിരുന്നു. അതിനിടെയാണ് മകന് അസുഖം കൂടിയത്. വ്യാഴാഴ്ച രാവിലെ എല്ലാപരിപാടികളും മാറ്റിവെച്ച് മകനെയുമെടുത്ത് ഇദ്ദേഹവും ഭാര്യ സജിതാമോളും തിരുവനന്തപുരത്തേക്ക് തിരിച്ചു. പ്രചാരണപരിപാടികള്‍ പാര്‍ട്ടിപ്രവര്‍ത്തകരെ ഏല്‍പ്പിച്ചായിരുന്നു യാത്ര.
ആശുപത്രിയിലെ കാത്തിരിപ്പിനിടയിലും സ്ഥാനാര്‍ഥിയെത്തേടി ഫോണ്‍ വിളികളെത്തി. മകനുമായി മടങ്ങിയെത്തിയശേഷം വൈകുന്നേരത്തോടെയാണ് ഇദ്ദേഹം പ്രചാരണപ രിപാടികളില്‍ സജീവമായത്. പത്രം ഏജന്റ് കൂടിയായ കണ്ണന് മുന്‍ ജില്ലാപഞ്ചായത്ത് അംഗവുമാണ്.
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമെത്തിയതോടെ വാശിയേറിയ പ്രചാരണ പ്രവർത്തങ്ങളിലാണ് സ്ഥാനാർഥികൾ മണ്ഡലത്തിൽ നടത്തുന്നത്. തുടർ വിജയം നേടാൻ നിലവിലെ എംഎൽഎയായ ചിറ്റയം ഗോപകുമാർ വീണ്ടും രംഗത്തുള്ളപ്പോൾ അട്ടിമറി വിജയം നേടാനായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറായ എംജി കണ്ണനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്.
അടൂർ മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തിയുള്ള പ്രചാരണത്തിനാണ് എം ജി കണ്ണൻ മുൻതൂക്കം നൽകിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷക്കാലത്തെ മണ്ഡലത്തിലെ വികസന മുരടിപ്പ് എടുത്തുകാട്ടിയാണ് എം ജി കണ്ണന്റെ വോട്ടു തേടൽ. പ്രചാരണത്തിനിടെ, വോട്ടർമാരോടൊപ്പം നാടൻപാട്ട് പാടുന്ന എം ജി കണ്ണന്റെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കിഴക്കുപുറം ജംഗ്ഷനിൽ നടന്ന സ്വീകരണ പരിപാടിക്കിടയിലാണ് കലാഭവൻ മണിയുടെ പ്രശസ്തമായ നാടൻപാട്ടായ ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട എന്ന നാടൻപാട്ട് എം ജി കണ്ണൻ പാടിയത്. എം ജി കണ്ണന്റെ പാട്ട് ഹർഷാരവത്തോടെയാണ് വോട്ടർമാരും പ്രവർത്തകരും ഏറ്റെടുത്തത്. ഓടി തളരില്ല ഓടി വിജയിക്കുമെന്നാണ് എം ജി കണ്ണന്റെ അവകാശവാദം.
അതേസമയം വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ മുതൽകൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. അടൂർ മണ്ഡലത്തിന്റെ എല്ലാമേഖലയിലും വികസനമെത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി സ്ഥാനാർത്ഥിയായ ചിറ്റയം ഗോപകുമാർ. അടൂരിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും ചിറ്റയം ഗോപകുമാർ വിശ്വസിക്കുന്നു. കോൺഗ്രസ് നേതാവും അടൂരിലെ മുൻ സ്ഥാനാർഥിയുമായിരുന്ന പന്തളം സുധാകരന്റെ സഹോദരൻ പന്തളം പ്രതാപനാണ് ഇവിടത്തെ എൻഡിഎ സ്ഥാനാര്‍ഥി.