ഹോളി ആഘോഷത്തിന് മദ്യം കിട്ടിയില്ല; മധ്യപ്രദേശിൽ സാനിട്ടൈസർ കുടിച്ച് രണ്ട് പേർ മരിച്ചു

സാനിട്ടൈസറിൽ വെള്ളവും ചേർത്ത് ബന്ധുക്കളായ മൂന്ന് പേർ കുടിക്കുകയായിരുന്നു. രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരതരമായി തുടരുകയാണ്
ഭോപ്പാൽ: ഹോളി ആഘോഷങ്ങൾക്കിടയിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിട്ടൈസർ കുടിച്ച രണ്ട് പേർ മരിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. കോവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് മധ്യപ്രദേശിലെ മദ്യശാലകൾ അടച്ചിരുന്നു. ഇതോടെയാണ് ബന്ധുക്കളായ മൂന്ന് പേർ മദ്യത്തിന് പകരം സാനിട്ടൈസർ കുടിച്ചത്.
തിങ്കളാഴ്ച്ച ഹോളി ആഘോഷത്തിന് എത്തിയ ബന്ധുക്കളാണ് സാനിട്ടൈസർ കുടിച്ചത്. ഭിന്ദിലെ ചർതാർ സ്വദേശിയായ റിങ്കു ലോധിയെന്നയാൾ ഹോളി ആഘോഷിക്കാൻ ബന്ധുക്കളായ സഞ്ജു, അമിത് എന്നിവരുടെ അടുത്ത് എത്തുകയായിരുന്നു. മദ്യമില്ലാത്തതിനാൽ രണ്ട് കുപ്പി സാനിട്ടൈസറുമായാണ് ഇയാൾ വന്നത്.
സാനിട്ടൈസറിൽ വെള്ളവും ചേർത്ത് മൂന്ന് പേരും കുടിച്ചു. രണ്ട് കുപ്പി സാനിട്ടൈസറും കുടിച്ചതിന് ശേഷം മൂന്ന് പേരും വീടുകളിലേക്ക് മടങ്ങി. വീട്ടിലേക്കുള്ള യാത്രക്കിടയിലും ഇവർ സാനിട്ടൈസർ കുടിച്ചിരുന്നതായാണ് വിവരം. രാത്രിയായതോടെയാണ് മൂന്ന് പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കേയാണ് റിങ്കു മരണപ്പെടുന്നത്. മറ്റ് രണ്ട് പേരേയും വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയാറിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ റിങ്കുവിന് പിന്നാലെ അമിത്തും മരണപ്പെട്ടു. ഇവർക്കൊപ്പം സാനിട്ടൈസർ കുടിച്ച മൂന്നാമൻ സഞ്ജുവിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
കോവിഡ് 19 കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിൽ ഞായറാഴ്ച്ചയും ഹോളി ആഘോഷിക്കുന്ന തിങ്കളാഴ്ച്ചയും മദ്യശാലകൾ അടക്കാൻ അധികൃതർ തീരുമാനിച്ചത്. കോവിഡ് കാലത്ത് നിരവധി പേരാണ് സാനിട്ടൈസർ അകത്ത് ചെന്ന് മരണപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകൾ അടച്ചതോടെ പലരും ലഹരിക്കായി സാനിട്ടൈസർ കുടിച്ച് മരിച്ചിരുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണത്തിൽ വൻവർദ്ധനവാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 354 പേർ കോവിഡ് ബാധിച്ച് മരിച്ചു. 104 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്. മഹാരാഷ്ട്രയിൽ മാത്രം 139 പേരാണ് ഇന്നലെ മരിച്ചത്.
പ്രതിദിന കോവിഡ് ബാധയിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസങ്ങളില് എഴുതിനായിരത്തിന് അടുത്ത് എത്തിയിരുന്ന പ്രതിദിന വർദ്ധന അൻപത്തിമൂവായിരത്തി അഞ്ഞൂറ് ആയാണ് കുറഞ്ഞത്. ആറു ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.. മഹാരാഷ്ട്രയിൽ ഒരാഴ്ചയ്ക്കുള്ളിൽ ആദ്യമായി പ്രതിദിന വർദ്ധന ഇരുപത്തിയെണ്ണായിരത്തിൽ താഴെയെത്തി.
രാജ്യത്തെ കോവിഡ് സ്ഥിതി കൂടുതൽ മോശമായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കോവിഡിനെതിരെയുള്ള കർശന നടപടികളിൽ സംസ്ഥാനങ്ങൾ അലംഭാവം കാണിക്കരുതെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment